കെഎസ്‌യു മാർച്ചിൽ സംഘർഷം; സംസ്ഥാന പ്രസിഡന്റിന് പരുക്ക്

കെ.എം. അഭിജിത്ത്

ചെർപ്പുളശ്ശേരി∙ ആരോപണ വിധേയനായ പി.കെ.ശശി എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫിസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ഉൾപ്പെടെ എട്ടു പേർക്കും മൂന്നു പൊലീസുകാർക്കും പരുക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നോടെ പുത്തനാൽക്കൽ ക്ഷേത്ര പരിസരത്തു നിന്നാരംഭിച്ച മാർച്ച് എംഎൽഎ ഓഫിസിലേക്കെത്തും മുൻപു പൊലീസ് തടഞ്ഞു.

സംസ്ഥാന പ്രസിഡന്റിന്റെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കവെയാണു സംഘർഷമുണ്ടായത്. പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് അഭിജിത്ത്, ജില്ലാ പ്രസിഡന്റ് കെ.എസ്.അജയ്ഘോഷ്, ഭാരവാഹികളായ പി.ടി.അജ്മൽ, ഷാഫി കാരക്കാട്, അനസ്, ഷാഫി, സിറാജ് തെക്കത്ത് തുടങ്ങിയവർക്കും പരുക്കേറ്റു. തലയ്ക്കു പരുക്കേറ്റ അഭിജിത്തിനെ ചെർപ്പുളശ്ശേരി ഗവ.ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കല്ലേറിൽ പരുക്കേറ്റ എസ്ഐ സി.കെ.രാജേഷ്, സീനിയർ സിപിഒ സി.കെ.രാജൻ, ശ്രീകൃഷ്ണപുരം അഡീ.എസ്ഐ ശ്രീനിവാസൻ എന്നിവരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതിഷേധിച്ചു ജില്ലയിൽ ഇന്നു പഠിപ്പു മുടക്കുമെന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്നും കെഎസ്‌യു ഭാരവാഹികൾ അറിയിച്ചു.