Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻഗണനേതര കുടുംബങ്ങൾക്കും ഒരു രൂപ നിരക്കിൽ അഞ്ചു കിലോ അരി

rice

തിരുവനന്തപുരം∙ പ്രളയത്തെ തുടർന്നു കേന്ദ്രം അനുവദിച്ച അധിക അരിയും മണ്ണെണ്ണയും വിതരണം ചെയ്യാൻ മന്ത്രിസഭാ തീരുമാനം. കൈകാര്യച്ചെലവു മാത്രം ഈടാക്കി മുഴുവൻ മുൻഗണനേതര കുടുംബങ്ങൾക്കും ഒരു രൂപ നിരക്കിൽ അഞ്ചു കിലോഗ്രാം അരി വീതം ഈ മാസവും 10 കിലോ വീതം അടുത്ത മാസവും വിതരണം ചെയ്യും. ദുരിതബാധിത പ്രദേശങ്ങളിൽ ലീറ്ററിന് 39 രൂപ നിരക്കിൽ മണ്ണെണ്ണ നൽകും. ബാക്കി വരുന്ന മണ്ണെണ്ണ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു വിതരണം ചെയ്യും. വിൽപനക്കാർക്കുള്ള കമ്മിഷൻ എന്ന നിലയിലാണ് അരിക്ക് ഒരു രൂപ ഈടാക്കുന്നത്. കൈകാര്യച്ചെലവ് ഇനത്തിൽ വരുന്ന മറ്റു ബാധ്യത സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്നു നൽകും. ഇതുസംബന്ധിച്ച് ഉത്തരവിറങ്ങുന്ന മുറയ്ക്ക് തിങ്കളാഴ്ചയോടെ അരിവിതരണം തുടങ്ങും.

പ്രളയബാധിത പ്രദേശങ്ങളിൽ കൃഷിയാവശ്യത്തിനു പമ്പ് പ്രവർത്തിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികൾക്കും പെർമിറ്റിന്റെ അടിസ്ഥാനത്തിൽ മണ്ണെണ്ണ നൽകും. പ്രളയം കണക്കിലെടുത്തു കേന്ദ്രസർക്കാർ 89,540 ടൺ അരി അനുവദിച്ചിരുന്നു. ആന്ധ്ര, തെലങ്കാന, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളും കേരളത്തിനു ഭക്ഷ്യധാന്യം എത്തിക്കുകയുണ്ടായി. ഇവ എല്ലാം ഉപയോഗപ്പെടുത്തിയാണ് മുൻഗണനേതര വിഭാഗങ്ങൾക്ക് അരി നൽകുന്നത്. 1.87 കോടി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കേന്ദ്രം കഴിഞ്ഞമാസം 21ന് അനുവദിച്ച 89,540 ടൺ അരി ഏറ്റെടുക്കുന്നതിന് ഒക്ടോബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഒരുമാസത്തിനകം അരി ഏറ്റെടുക്കണമെന്നായിരുന്നു കേന്ദ്ര നിർദേശം. 37% അരിയാണ് ഇതുവരെ എടുത്തത്. വാഗണുകൾ എത്തുന്ന ദിവസം അരിയെടുക്കാനാവില്ലെന്നും ഓരോ മാസത്തെയും റേഷൻ കൂടി ഇതോടൊപ്പം ഏറ്റെടുക്കേണ്ടതുണ്ടെന്നും ഭക്ഷ്യവകുപ്പ് എഫ്സിഐയെ അറിയിച്ചു. തുടർന്നാണു സമയം നീട്ടിനൽകിയത്.