ഈ പൊതിച്ചോറ് കേരളത്തിന്; സ്വിറ്റ്സർലൻഡിൽ 16 വനിതകൾ സമാഹരിച്ചത് 1.8 ലക്ഷം രൂപ

തിരുവനന്തപുരം∙ കഴിഞ്ഞ മാസം സ്വിറ്റ്സർലൻഡിലെ ബെയ്ഡൻ നഗരത്തിൽ 16 വനിതകൾ ചേർന്നു തയാറാക്കിയ ഭക്ഷണപ്പൊതികളിൽ നിറഞ്ഞത് കേരളത്തോടുള്ള സ്നേഹം. ഭക്ഷണപ്പൊതികൾ വിറ്റു സമാഹരിച്ച 1.8 ലക്ഷം രൂപ ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതകളുടെ സംഘത്തിൽ ഷിന്റ സൈമൺ, സന്ധ്യ ജോൺ, രമ്യ വിനോദ് തുടങ്ങിയ മലയാളികളുമുണ്ടായിരുന്നു.

ഫുഡ് സ്റ്റാൾ ആരംഭിക്കാനാണ് ആദ്യം തീരുമാനിച്ചത്. ഇതിനു കൂടുതൽ സമയവും പണവും വേണമെന്നു കണ്ടപ്പോൾ പദ്ധതി ഉപേക്ഷിച്ചു. പകരം മൂന്നു ദിവസത്തേക്ക് ഉച്ചഭക്ഷണം തയാറാക്കി നൽകാമെന്നു പറഞ്ഞു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ചിലർ സ്വന്തം കാറുമായി വിതരണത്തിനും ഇറങ്ങി. 500 സ്വിസ് ഫ്രാങ്ക് പ്രതീക്ഷിച്ച് ആരംഭിച്ച ഉദ്യമത്തിൽ മൂന്നുദിവസത്തിനുള്ളിൽ ലഭിച്ചത് 2500 ഫ്രാങ്ക്!