സാലറി ചാലഞ്ച്: സിപിഎം നേതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ് വിവാദത്തിൽ

കൊല്ലം ∙ പ്രളയ ദുരിതാശ്വാസത്തിനു സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സാലറി ചാലഞ്ച് പദ്ധതിയെ പരോക്ഷമായി വിമർശിക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.വരദരാജന്റെ ഫെയ്സ്ബുക് പോസ്റ്റ് വിവാദമായി. സാലറി ചാലഞ്ചിനെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഇതു പാർട്ടിയിലും ചർച്ചയായി. സർക്കാരിനു കീഴിലുള്ള നോർക്ക റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കൂടിയാണു വരദരാജൻ.

‘ജീവനക്കാരുടെ ദുരിതാശ്വാസ ഫണ്ട് തർക്കവിഷയമാകുകയാണ്. ആശങ്കപ്പെടുന്നത് അതിലല്ല, അഴിമതിയില്ലാതെ, കയ്യിട്ടു വാരാതെ ചെലവാക്കപ്പെടുമോയെന്നാണ്...’ എന്നായിരുന്നു വരദരാജന്റെ ആദ്യത്തെ പോസ്റ്റ്. ദിവസങ്ങൾക്കകം ‘സാലറി ചാലഞ്ച് ഒരു ചാലഞ്ചു തന്നെയാണേ. കൊടുക്കാൻ പറ്റാത്തവർക്കു വേണ്ടി മറ്റാരേലും കൊടുത്താലും പോരേ...’ എന്ന് അടുത്ത പോസ്റ്റ്. ഇതേ വിഷയത്തിൽ വീണ്ടും പോസ്റ്റിട്ടു. അത് ഇങ്ങനെ: ജീവനക്കാരെ ദുരിതത്തിലാക്കരുതെന്ന് ഒരു സംഘടന പ്രസ്താവിച്ചു കണ്ടു. ജനവും അതുതന്നെ പറയുന്നു. അവരെ കഷ്ടത്തിലാക്കരുത്. പ്രതിഫലേച്ഛ കൂടാതെ കാര്യം നടപ്പാക്കാനാവണം...’

സാലറി ചാലഞ്ചിനെ ന്യായീകരിക്കാൻ സർക്കാരും പാർട്ടിയും കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം തന്നെ അതിനെതിരെ രംഗത്തുവന്നതോടെ നേതൃത്വം വെട്ടിലായി. ഫെയ്സ്ബുക് പോസ്റ്റുകൾക്കു ലൈക്കടിച്ച സഖാക്കൾ തന്നെ വിവരം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിലെത്തിച്ചു. ഇന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേരുന്ന പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയായേക്കും.