യുഎസിൽ ‘ഗ്ലോബൽ സാലറി ചാലഞ്ച്’ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

യുഎസിലെ ചികിൽസ പൂർത്തിയാക്കി മടങ്ങുന്നതിനു മുൻപ് ന്യൂയോർക്കിൽ മലയാളി സംഘടനാഭാരവാഹികളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും.

തിരുവനന്തപുരം ∙ പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി 150 കോടി രൂപ സമാഹരിക്കണമെന്നു യുഎസിലെ മലയാളികളോടു മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന. ലോകത്തിലെ ഏറ്റവും സമ്പന്നരാഷ്ട്രത്തിലെ മലയാളികളിൽനിന്നു വലിയ സഹായമാണു കേരളം പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ‘ഗ്ലോബൽ സാലറി ചാലഞ്ചി’ൽ എല്ലാവരും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. യുഎസിലെ ചികിൽസ പൂർത്തിയാക്കി മടങ്ങുന്നതിനു മുൻപ് ന്യൂയോർക്കിൽ മലയാളി സംഘടനാ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

യുഎസിൽനിന്നുള്ള ഏതാനും ചെറുപ്പക്കാർ ദിവസങ്ങൾക്കകം 10 കോടി രൂപ സമാഹരിച്ചു സർക്കാരിനെ ഏൽപ്പിച്ചത് അഭിനന്ദനാർഹമാണ്. യുഎസിൽനിന്നുള്ള നിക്ഷേപങ്ങളും സർക്കാർ പ്രതീക്ഷിക്കുന്നു. സഹായം സമാഹരിക്കാൻ അടുത്തമാസം മന്ത്രി തോമസ് ഐസക് യുഎസ് സന്ദർശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തരതലത്തിൽ പണം സമാഹരിക്കാനായി മൂന്നുമാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചുചേർക്കും. ക്രൗഡ് ഫണ്ടിങ്, സ്പോൺസർഷിപ് തുടങ്ങിയ മാർഗങ്ങളിലൂടെ പുനർനിർമാണത്തിനുള്ള പണം കണ്ടെത്താനാണു സർക്കാർ ശ്രമം.

വാർഷികപദ്ധതിയെക്കാൾ വലുതാണു പ്രളയത്തിലെ ആകെ നഷ്ടം. ദുരന്തത്തെ നേരിട്ട അതേ മനോഭാവത്തോടെ പുനർനിർമാണത്തിലും ജനങ്ങൾ കൂടെ നിൽക്കണം. പ്രളയത്തിൽ മുങ്ങിയ കുട്ടനാട്ടുകാർപോലും പുനർനിർമാണത്തിനുള്ള പണം സമാഹരിച്ചതു മാതൃകാപരമാണ്. അസാധ്യമായതിനെപ്പോലും സാധ്യമാക്കാനുള്ള മലയാളികളുടെ കരുത്ത് ലോകത്തിനു കാണിച്ചുകൊടുക്കാനുള്ള അവസരമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.