ഇനി കെപിസിസി വൈസ് പ്രസിഡന്റുമാർ ഇല്ല; 10 വർഷത്തിലേറെ സെക്രട്ടറിയായവർ മാറേണ്ടിവരും

ന്യൂഡൽഹി∙ കെപിസിസിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോൾ വൈസ് പ്രസിഡന്റുമാർ ഉണ്ടാവില്ല. വർക്കിങ് പ്രസിഡന്റുമാർ ഉള്ളപ്പോൾ വൈസ് പ്രസിഡന്റുമാർ വേണ്ടെന്നാണ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട്. പാർട്ടി അധ്യക്ഷനായി രാഹുൽ സ്ഥാനമേറ്റശേഷം പല സംസ്ഥാനങ്ങളിലും പിസിസിക്കു പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചപ്പോൾ ഒന്നിലേറെ വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. ഈ സംസ്ഥാനങ്ങളിലൊന്നിലും വൈസ് പ്രസിഡന്റുമാർ ഇല്ല.

കേരളത്തിൽ 3 വർക്കിങ് പ്രസിഡന്റുമാരെയാണു നിയമിച്ചത്. 5 വൈസ് പ്രസിഡന്റുമാരാണ് ഉണ്ടായിരുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റും കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം.ഐ.ഷാനവാസ് എന്നിവർ വർക്കിങ് പ്രസിഡന്റുമാരുമായി പുതിയ നേതൃത്വം സ്ഥാനമേൽക്കുമ്പോൾ ഭാരവാഹികളിലും പുതിയ സംഘം വരണമെന്നാണു രാഹുലിന്റെ അഭിപ്രായം.

10 വർഷത്തിലേറെ ജനറൽ സെക്രട്ടറി സ്ഥാനത്തും സെക്രട്ടറി സ്ഥാനത്തും തുടർന്നവരെ ഒഴിവാക്കണമെന്നു രാഹുൽ പറയുന്നു. ഇതു നടപ്പാക്കിയാൽ കേരളത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള 22 പേരിൽ മിക്കവരും മാറേണ്ടിവരും. സെക്രട്ടറിമാരിൽ നന്നായി പ്രവർത്തിക്കുന്നവരെ ജനറൽ സെക്രട്ടറി പദവിയിലേക്ക് ഉയർത്തണം എന്നൊരു നിർദേശവും ഉയർന്നു.

കെഎസ്‌യു, യൂത്ത് കോൺഗ്രസ്, മഹിള–ദലിത് എന്നീ വിഭാഗങ്ങൾക്കു കൂടുതൽ പ്രാതിനിധ്യവും പരിഗണിക്കും.

തിരുവനന്തപുരത്ത് ഇന്ദിരാ ഭവനിൽ 27നു രാവിലെ 10ന് ആണു പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുക. 27ന് ഉച്ചയ്ക്ക് യുഡിഎഫ് പ്രവർത്തക സമിതി യോഗം ചേരും. അന്നുതന്നെ രാഷ്ട്രീയകാര്യസമിതി യോഗവും ചേരും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സമ്മേളനം 4നു കോട്ടയ്ക്കകത്തു നടക്കും.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡൽഹിയിൽ പിസിസി അധ്യക്ഷൻമാരുടെയും നിയമസഭാകക്ഷി നേതാക്കളുടെയും യോഗം രാഹുൽ വിളിച്ചിട്ടുണ്ട്. അതിനുശേഷം പുതിയ പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും 26ന് ഉച്ചയ്ക്കു തിരുവനന്തപുരത്തെത്തും. കെപിസിസി ഭാരവാഹികളുടെ നിയമന ചർച്ചകൾ 27നു നടക്കും.