എസ്റ്റേറ്റിലെ കെണിയിൽ കുടുങ്ങിയ പുലിക്ക് ദാരുണാന്ത്യം

പാലക്കാട് കിഴക്കഞ്ചേരി കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനു സമീപം സ്വകാര്യ എസ്റ്റേറ്റിന്റെ കയ്യാലയിൽ വച്ച കെണിയിൽ കുടുങ്ങിയ നാലു വയസ്സുള്ള ആൺപുലിയെ മയക്കുവെടി വച്ചു വനംവകുപ്പ് അധികൃതർ പിടികൂടിയപ്പോൾ. മയക്കുവെടി വച്ച സിറിഞ്ചും പുലിയുടെ ശരീരത്തിൽ കാണാം. മണ്ണുത്തി വെറ്ററിനറി കോളജിലേക്കു കൊണ്ടുപോകും വഴി പുലി ചത്തു. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

വടക്കഞ്ചേരി (പാലക്കാട്)∙ മംഗലംഡാം ഓടന്തോട് നന്നങ്ങാടി വനാതിർത്തിയില്‍ സ്വകാര്യ എസ്റ്റേറ്റിന്റെ കയ്യാലയിലെ കെണിയിൽ കുടുങ്ങിയ 4 വയസ്സുള്ള ആണ്‍പുലി ചത്തു. മൂന്നു തവണ മയക്കുവെടി വച്ചു പുലിയെ കൂട്ടിലാക്കി ചികിത്സയ്ക്കു കൊണ്ടു പോകുമ്പോഴാണു ചത്തത്. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം ധോണി വനമേഖലയിൽ ദഹിപ്പിച്ചു. 

ഇന്നലെ പുലർച്ചെ 5 മണിയോടെ ചാലി എസ്റ്റേറ്റില്‍ റബർ വെട്ടുകയായിരുന്ന ടാപ്പിങ് തൊഴിലാളി തമിഴ്നാട് സ്വദേശി മാരിമുത്തുവാണു പുലി കുടുങ്ങിയതു കണ്ടത്. കാട്ടുപന്നിയെ പിടിക്കാൻ വച്ചെന്നു കരുതുന്ന കെണിയിലാണു വീണത്.