വിജയൻ ചെറുകര സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി തിരികെയെത്തി

സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി തിരികെയെത്തിയ വിജയൻ ചെറുകര

കൽപറ്റ ∙ മിച്ചഭൂമി ഇടപാട് വിവാദത്തെത്തുടർന്നു രാജിവച്ച വിജയൻ ചെറുകര പാർട്ടി അന്വേഷണത്തിനൊടുവിൽ കുറ്റവിമുക്തനായി സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു തിരിച്ചെത്തി. വിജയനെ തിരിച്ചെടുക്കാനുള്ള സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചു.

വയനാട്ടിലെ കുറുമ്പാലക്കോട്ടയിൽ മിച്ചഭൂമി പതിച്ചുനൽകാൻ സ്വകാര്യവ്യക്തികളെ സഹായിക്കാൻ കൂട്ടുനിന്നുവെന്ന തരത്തിലുള്ള ഒളിക്യാമറ വാർത്ത 2018 ഏപ്രിൽ 2ന് ന്യൂസ് ചാനൽ പുറത്തുവിട്ടതിനെത്തുടർന്നാണ് വിജയൻ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചത്. തുടർന്ന്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.രാജൻ എംഎൽഎയെ വയനാട് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏൽപ്പിച്ചു.

ചാനൽ വാർത്ത കെട്ടിച്ചമച്ചതാണെന്നും വിജയൻ കുറ്റക്കാരനല്ലെന്നും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.ചാമുണ്ണി അധ്യക്ഷനായ അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വിജയൻ ചെറുകരയെ സെക്രട്ടറി സ്ഥാനത്തേക്കു തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നു കൽപറ്റയിൽ നടന്ന ജില്ലാ കൗൺസിൽ യോഗത്തിൽ കാനം രാജേന്ദ്രൻ പറഞ്ഞു.