ശകാരംകേട്ട വനിതാ എസ്ഐക്കും ശകാരിച്ച നേതാവിനും സ്ഥലംമാറ്റം

തൃശൂർ ∙ പൊലീസ് അസോസിയേഷൻ നേതാവിന്റെ ശകാരം കേട്ടു വനിതാ എസ്ഐ കുഴഞ്ഞു വീണ സംഭവത്തിൽ നേതാവിനും വനിതാ എസ്ഐക്കും അടക്കം നാലു പേർക്കു സ്ഥലംമാറ്റം. വനിതാ എസ്ഐയെ ജില്ലാ ക്രൈം ബ്രാഞ്ചിലേക്കും പൊലീസ് അസോസിയേഷൻ നേതാവിനെ പേരാമംഗലം സ്റ്റേഷനിലേക്കുമാണു മാറ്റിയത്. ചുമതലയിൽ വീഴ്ച വരുത്തിയ വന‌ിതാ സിവിൽ പൊലീസ് ഓഫിസറെ വടക്കേകാട് സ്റ്റേഷനിലേക്കും ഡ്രൈവറെ പഴയന്നൂരിലേക്കും മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ വനിതാ സിപിഒ പ്രതിയെ അഭിഭാഷകനെ ഏൽപ്പിച്ചു മടങ്ങിയതിൽനിന്നാണു സംഭവങ്ങളുടെ തുടക്കം. ഇതു കൃത്യവിലോപമാണെന്നു ചൂണ്ടിക്കാട്ടി വനിതാ എസ്ഐ നോട്ടിസ് നൽകി. പൊലീസ് അസോസിയേഷൻ അംഗമായ വനിതാ സിപിഒയ്ക്കെതിരെ എസ്ഐ നടപടിയെടുത്തതിൽ ക്ഷ‍‍ുഭിതനായാണു ജില്ലാ നേതാവ് ശകാരിച്ചത്. തളർന്നു വീണ വനിതാ എസ്ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, എസ്ഐക്കെതിരെ പിന്നീടു വനിതാ സിപിഒ പരാതി നൽകുകയും ഒടുവിൽ നേതാക്കളിടപെട്ട് ഒത്തുതീർപ്പിലെത്തിക്കുകയുമായിരുന്നു. 

ഇതിനു പിന്നാലെയാണു പരാതിക്കാരിയും കുറ്റാരോപിതനുമടക്കം നാലു പേരെയും സ്ഥലം മാറ്റിയത്. കമ്മിഷണർ ജി.എച്ച്.യതീഷ് ചന്ദ്രയാണു നടപടിയെടുത്തത്. പരാതിക്കാരിയെയും സ്ഥലംമാറ്റിയതിൽ പൊലീസ് അസോസിയേഷനുള്ളിൽ നീരസം പുകയുന്നുണ്ട്. അതേസമയം, എസ്ഐക്കു തന്നോടു വ്യക്തിവിരോധമുണ്ടെന്നും മാനസികമായി മുൻപും പീഡിപ്പിച്ചിട്ടുണ്ടെന്നുമാണു വനിതാ സിപിഒയുടെ നിലപാട്.