പൊലീസിലെ നായ് സ്ക്വാഡ് ഇനി ‘കെ9 സ്ക്വാഡ്’; പുതിയ ലോഗോ, പതാക

ആലപ്പുഴ ∙ കേരള പൊലീസിലെ നായ് സ്ക്വാഡിന് ഇനി ‘കെ9 സ്ക്വാഡ്’ എന്നു പേര്. സ്ക്വാഡിന് ഇനി പ്രത്യേക ലോഗോയും പതാകയും സ്ക്വാഡിലെ പൊലീസുകാർക്കു പുതിയ യൂണിഫോമും തോൾ ബാഡ്ജും ഉണ്ടാവും. നവംബർ ഒന്നിനു പുതുരീതി നിലവിൽ വരും. ‘നായ്ക്കളെ സംബന്ധിച്ച’ എന്നർഥമുള്ള ‘കനൈൻ’ എന്ന ഇംഗ്ലിഷ് വാക്കിൽനിന്നാണു പുതിയ പേര് രൂപപ്പെടുത്തിയത്.

സ്ക്വാഡിനു ‘സവിശേഷതയും ആധുനികതയും അഭിമാനവും’ കൊണ്ടുവരാനാണു പരിഷ്കരണമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ അറിയിപ്പ്. ലോഗോ അശോകസ്തംഭവും ജർമൻ ഷെപ്പേഡ് ഇനം നായയുടെ തലയും ഒലിവിലയുമൊക്കെ ചേർന്നതാണു ലോഗോ. കേരള പൊലീസ് എന്നും കെ9 സ്ക്വാഡ് എന്നും ലോഗോയിൽ എഴുതിയിരിക്കും. പതാക കടുംനീലയും ജർമൻ ഷെപ്പേഡിന്റെ രോമത്തിന്റെ നിറവും രണ്ടു ത്രികോണങ്ങളായി ചേരുന്നതാണു പുതിയ പതാകയുടെ നിറം.

നടുക്കു ലോഗോയുണ്ടാവും. ലോഗോയിലും കറുപ്പും കടുംനീലയും ജർമൻ ഷെപ്പേ‍ഡിന്റെ നിറവുമുണ്ടാവും. യൂണിഫോം സ്ക്വാഡിലെ പൊലീസുകാരുടെ യൂണിഫോം ഫീൽഡ് ജോലി സമയത്ത് കാക്കി പാന്റ്സും കറുത്ത അരക്കയ്യൻ ടീഷർട്ടും കറുത്ത തൊപ്പിയും ടീഷർട്ടിനു മേൽ കറുത്ത ജാക്കറ്റും. ഷൂവിനു പകരം കറുത്ത ബൂട്ട്. ടീഷർട്ടിലും ജാക്കറ്റിലും തൊപ്പിയിലും തോൾ ബാഡ്ജിലും സ്ക്വാഡിന്റെ ലോഗോ. ഔദ്യോഗിക ചടങ്ങുകളിൽ കാക്കി പാന്റ്സും ഷർട്ടും തന്നെയായിരിക്കും യൂണിഫോം.