പിരിവിനൊപ്പം പദ്ധതി സഹായവും തേടും; വിദേശസന്ദർശനം എത്രമാത്രം വിജയിക്കുമെന്നു മന്ത്രിമാർക്ക് ആശങ്ക

തിരുവനന്തപുരം∙‌പ്രളയ ദുരിതാശ്വാസ നിധി സമാഹരിക്കുന്നതിനു വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന മന്ത്രിമാർ, ഭവനനിർമാണം അടക്കമുള്ള പദ്ധതികൾക്കുകൂടി സഹായം തേടും. മന്ത്രിമാർ 17 മുതൽ 22വരെ വിദേശയാത്ര നടത്താനാണു തീരുമാനമെങ്കിലും ചില രാജ്യങ്ങളുടെ വീസ ലഭിക്കാൻ വൈകുമെന്നതിനാൽ തീയതികളിൽ മാറ്റമുണ്ടാകും.

യുഎസ്എ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ വീസ നടപടികൾക്കു നിശ്ചിത ദിവസം വേണം. ഇതുകാരണം വീസ ലഭിക്കാൻ വൈകും. നയതന്ത്ര വീസയാണു മന്ത്രിമാർ ആവശ്യപ്പെട്ടിരിക്കുന്നത്. അതു ലഭിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ചില മന്ത്രിമാർക്കു നേരത്തെ വീസ ഉണ്ടായിരുന്നതു കാലഹരണപ്പെട്ടു. മറ്റു ചിലർക്കു പാസ്പോർട്ട് പോലുമില്ല.

മന്ത്രിമാരുടെയും അവരോടൊപ്പം വിദേശത്തേക്കു പോകുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെയും പ്രത്യേകയോഗം മുഖ്യമന്ത്രി പിണറായി ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷം വിളിച്ചു. പുനഃർനിർമാണ പ്രവർത്തനങ്ങൾക്കു സ്‌പോൺസർമാരാകാൻ തയാറാകുന്നവരെക്കൂടി കണ്ടെത്തണമെന്ന് ഈ യോഗത്തിലാണു മുഖ്യമന്ത്രി നിർദ്ദേശിച്ചത്.

വിവിധ രാജ്യങ്ങളിലെ ലോക കേരള സഭാ പ്രതിനിധികളാണു മന്ത്രിമാർക്കു സൗകര്യങ്ങൾ ഒരുക്കുന്നത്. ഇതിനായി പ്രവാസി മലയാളികളുടെ യോഗം വിളിക്കാൻ ലോക കേരള സഭാ പ്രതിനിധികളോടു നിർദേശിച്ചിട്ടുണ്ട്. ഈ യോഗങ്ങളിൽ പങ്കെടുക്കുന്ന മന്ത്രിമാർ സംസ്ഥാനത്തെ സ്ഥിതി വിവരിച്ചു സഹായം അഭ്യർഥിക്കും.

അതേസമയം, പ്രവാസികളിൽ പലരും ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റും കാര്യമായ ധനസഹായം നൽകിയിട്ടുണ്ട്. പല പ്രവാസി വ്യവസായികളും പുനഃർനിർമാണ പദ്ധതികൾ നടപ്പാക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും പണം പിരിക്കാനുള്ള വിദേശസന്ദർശനം എത്രത്തോളം വിജയിക്കുമെന്ന ആശങ്ക മന്ത്രിമാർ പ്രകടിപ്പിച്ചു.

ചില മന്ത്രിമാരുടെ സന്ദർശനത്തിനുള്ള ഔദ്യോഗിക രേഖകൾ ഇനിയും കേന്ദ്രത്തിൽ നിന്നു ലഭിക്കാനുണ്ട്. യാത്രാരേഖകൾ ലഭിക്കുന്ന മുറയ്ക്കായിരിക്കും സന്ദർശനം. മന്ത്രിമാരുടെ വിദേശയാത്ര കണക്കിലെടുത്ത് അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം 16നു നടത്തും. തൊട്ടടുത്തയാഴ്ച പതിവുപോലെ ബുധനാഴ്ചയായിരിക്കും മന്ത്രിസഭാ യോഗം.