വൈദ്യുതി നിയന്ത്രണം അരമണിക്കൂറാക്കി

തിരുവനന്തപുരം∙ ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നു സംസ്ഥാനത്തു പ്രഖ്യാപിച്ച വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെ വൈകിട്ട് ആറു മുതൽ 11 വരെ അര മണിക്കൂർ വീതമായിരുന്നു ലോഡ് ഷെഡിങ്. പുറത്തു നിന്നു വൈദ്യുതി കൊണ്ടുവരുന്ന ലൈനുകൾ നന്നാക്കുന്നതുവരെ ഇതു തുടരും.

കൊടുങ്കാറ്റിൽ തകർന്ന ലൈനുകൾ എന്നു നന്നാക്കാൻ സാധിക്കുമെന്ന ഉറപ്പൊന്നും ഇതേവരെ ലഭിച്ചിട്ടില്ല. വ്യാഴാഴ്ച രാത്രി 20 മിനിറ്റ് വൈദ്യുതി നിയന്ത്രണമാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും പല സ്ഥലങ്ങളിലും മൂന്നും നാലും തവണ വൈദ്യുതി മുടങ്ങി. രാത്രി 11.30വരെ ഇതു തുടർന്നു. ഈ സാഹചര്യത്തിലാണ് അരമണിക്കൂറായി വർധിപ്പിച്ചത്.

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കു വൈദ്യുതി എത്തിക്കുന്ന ലൈനുകൾ നന്നാക്കാനുള്ള പ്രവർത്തനം തുടരുകയാണ്. താൽച്ചർ-കോളാർ 500 കെവി ഡബിൾ സർക്യൂട്ട് ലൈനും അങ്കൂൾ-ശ്രീകാകുളം 765 കെവി ലൈനുമാണു പ്രധാനമായും തകർന്നത്. ഇതുമൂലം കേരളത്തിലേക്കു പുറത്തു നിന്നു കൊണ്ടുവരുന്ന വൈദ്യുതിയിൽ 784 മെഗാവാട്ടിന്റെ കുറവുണ്ട്. താൽച്ചറിൽ നിന്നുള്ള 500 മെഗാവാട്ട് കൊണ്ടുവരാൻ ലൈനില്ല.

ദീർഘകാല കരാർ അനുസരിച്ചു ലഭിക്കേണ്ട 284 മെഗാവാട്ടും മുടങ്ങി. ചില മേഖലകളിൽ അരമണിക്കൂറിൽ കൂടുതൽ ലോഡ്ഷെഡിങ് വേണ്ടി വരാം.സർ‍ക്കാർ മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ,ജല അതോറിറ്റിയുടെ പ്രധാന പമ്പ് ഹൗസുകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കാനാണു ശ്രമം. പുറത്തു നിന്നു കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമവും തുടരുന്നു.