കരാർ കഴിഞ്ഞു; ‘രണ്ടാമൂഴം’ തിരക്കഥ ഉപയോഗിക്കുന്നതു തടഞ്ഞ് കോടതി

കോഴിക്കോട്∙ രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നതിനു സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും നിർമാണക്കമ്പനിക്കുമെതിരെ കോടതിയുടെ നിരോധന ഉത്തരവ്്‌‌ (ഇൻജംക്‌ഷൻ ഓർഡർ). തിരക്കഥ തിരികെ നൽകണം എന്നാവശ്യപ്പെട്ട്  എം.ടി.വാസുദേവൻനായർ നൽകിയ അന്യായം ഫയലിൽ സ്വീകരിച്ചാണ് കോഴിക്കോട് മുൻസിഫ് കോടതി ഉത്തരവ്് നൽകിയത്. സംവിധായകനും നിർമാതാവിനും കോടതി നോട്ടിസ് അയച്ചു. കേസ് 25നു പരിഗണിക്കും.

മൂന്നു വർഷത്തിനകം ചിത്രീകരണം തുടങ്ങണം എന്ന കരാറിലാണ് രണ്ടാമൂഴത്തിന്റെ മലയാളത്തിലും ഇംഗ്ലിഷിലുമുള്ള തിരക്കഥ കൈമാറിയത്. കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പ്രവർത്തനങ്ങൾ‍ മുന്നോട്ടുപോവാത്തതിനാലാണ് തിരക്കഥ തിരികെ ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്. 20 വർഷത്തോളം നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ‌് തിരക്കഥ ഒരുക്കിയത‌െന്നും എന്നാൽ താൻ കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ലെന്നും എംടി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചത്.

മോഹൻലാലിനെ നായകനാക്കി 1000 കോടി രൂപ ചെലവിൽ പ്രവാസി വ്യവസായി ബി.ആർ.ഷെട്ടിയാണ് രണ്ടാമൂഴം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. മലയാളത്തിലും ഹിന്ദിയിലുമായി ‘മഹാഭാരതം’ എന്ന പേരിൽ രണ്ടു ഭാഗമായി ചിത്രം റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു.  

അതേസമയം, രണ്ടാമൂഴം പദ്ധതിയുടെ പുരോഗതി എംടിയെ നേരിൽക്കണ്ട് അറിയിക്കാൻ കഴിയാതിരുന്നത് തന്റെ വീഴ്ചയാണെന്നു സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. ഒടിയൻ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളുടെ തിരക്കിലായതിനാലാണ് എംടിയെ നേരിട്ടുകാണാൻ കഴിയാതിരുന്നത്. എംടിയെ നേരിൽക്കണ്ട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും അടുത്ത ജൂലൈയിൽ ചിത്രീകരണം തുടങ്ങുമെന്നും ശ്രീകുമാർ മേനോൻ ഫെയ്സ്ബുക്കിൽ വ്യക്തമാക്കി.

സിനിമയുമായി മുന്നോട്ട്: നിർ‍മാതാവ് 

അബുദാബി∙ മഹാഭാരതം സിനിമയ്ക്കായുള്ള തിരക്കഥ എം.ടി.വാസുദേവൻ നായർ തിരിച്ചു വാങ്ങിയതിനെക്കുറിച്ചു ഒന്നും അറിയില്ലെന്നും എന്നാൽ ചിത്രത്തിന്റെ നിർമാണവുമായി മുന്നോട്ടുതന്നെ പോകുമെന്നും നിർമാതാവും പ്രമുഖ വ്യവസായിയുമായ ഡോ. ബി.ആർ.ഷെട്ടി. മഹാഭാരതം പോലെ വലിയൊരു കഥ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. സംവിധായകൻ ശ്രീകുമാർ മേനോൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നുണ്ട്. മലയാളവും ഹിന്ദിയും ഉൾപ്പെടെ പല ഭാഷകളിലായി സിനിമ നിർമിക്കും. ഇക്കാര്യത്തിൽ മാറ്റമില്ല. എം.ടി.വാസുദേവൻ നായർ എന്ന മഹാനായ എഴുത്തുകാരനോടും അദ്ദേഹത്തിന്റെ ‌കൃതികളോടും ബഹുമാനമേയുള്ളൂ. എങ്കിലും തിരക്കഥയുടെ കാര്യത്തിൽ പ്രത്യേകിച്ച് നിർബന്ധമില്ല. ഇതു സംബന്ധിച്ച് ഇപ്പോൾ എംടി നടത്തിയ പ്രസ്താവനയെ കുറിച്ചും അറിയില്ല.

സിനിമ നിർമാണം തന്റെ ജോലിയല്ലെങ്കിലും മഹാഭാരതത്തെ സിനിമയിലൂടെ വരും തലമുറക്കായി ചരിത്രമാക്കി വയ്ക്കണം എന്നതാണ്  സ്വപ്നമെന്നും അതിൽ നിന്നു പിന്നോട്ടില്ലെന്നും ഷെട്ടി പറഞ്ഞു. മഹാഭാരതമല്ലാതെ മറ്റൊരു ചലച്ചിത്രം നിർമിക്കുകയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.