കെഎസ്‌യു നേതാക്കളെ വെട്ടിയ കേസ്: ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ

ഹരിപ്പാട് ∙ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം നാലുപേരെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി ആർഎസ്എസ് മഹാദേവികുളങ്ങര മുഖ്യശിക്ഷക് മഹാദേവികാട് ശ്രീഭവനം ശ്രീകുമാറിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനിടെ പരുക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീകുമാറിനെ ഡിസ്ചാർജ് ചെയ്ത ശേഷമാണു കസ്റ്റഡിയിലെടുത്തത്.  ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ റിമാൻഡ് ചെയ്തു.

ആലപ്പുഴ കാർത്തികപ്പള്ളി പഞ്ചായത്ത് അംഗം കൂടിയായ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ. റോഷൻ (27), യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്ലുപുരയ്ക്കൽ ശ്രീനാഥ് (31), പിരളശേരിൽ വിനയൻ (33) എന്നിവരെ വെട്ടിപ്പരുക്കേൽപ്പിക്കുകയും കെഎസ്‌യു ബ്ലോക്ക് സെക്രട്ടറി പുത്തൻ വീട്ടിൽ അരവിന്ദിനെ (22) മർദിക്കുകയുമായിരുന്നു. ഇവരിപ്പോഴും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.