റോയ റെഡി; ഷോറൂം മാനേജറായി റോബട്; കേരളത്തിൽ ആദ്യം

റോയൽ ഡ്രൈവിലേക്കെത്തുന്ന റോബട് റോയ

കോഴിക്കോട്∙ നിർമിത ബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്ന മനുഷ്യരൂപമുള്ള റോബട് ഇനി കേരളത്തിലും. കോഴിക്കോട്ടെ കാർ ഷോറൂമിന്റെ മാനേജറായാണ് റോയ എന്ന റോബട് വരുന്നത്. ഉപഭോക്‌താക്കൾക്കു വിവരങ്ങൾ നൽകുന്ന റോബട് 150 ഭാഷകൾ കൈകാര്യം ചെയ്യും. ഇന്ത്യയിൽ ആദ്യമായാണ് റോബട് ഷോറൂം മാനേജരാകുന്നതെന്ന് പ്രീ ഓൺഡ് ലക്ഷ്വറി കാർ ഷോറൂം റോയൽ ഡ്രൈവ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ കെ.മുജീബ് റഹ്‌മാൻ പറഞ്ഞു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ രാജ്യാന്തര ഐടി മേളയിൽ പ്രദർശിപ്പിച്ചശേഷം റോബട്ടിനെ ഏറ്റുവാങ്ങും.

ഒരു കോടിയലധികം രൂപ ചെലവഴിച്ചാണ് റോബട്ടിനെ നിർമിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും സോഫ്റ്റ്‌വെയറുകളും വികസിപ്പിച്ചത് കോഴിക്കോട് ആസ്‌ഥാനമായ ഫ്ല്യൂഅപ് ടെക്‌നോളജീസ്. ഉപഭോക്‌താക്കളെ സ്വാഗതം ചെയ്തും വാഹന വിവരങ്ങൾ നൽകിയും റോയ പ്രവർത്തിക്കും. ഷോറൂമിലെ ലൈറ്റുകൾ, കംപ്യൂട്ടറുകൾ, എസി, ടെലിവിഷൻ എന്നിവ നിയന്ത്രിക്കും. 5 അടി 5 ഇഞ്ച് ഉയരവും 150 കിലോഗ്രാം തൂക്കവുമുണ്ട്. ടയറുപയോഗിച്ചു ഷോറൂമിലെ കാറുകൾക്കിടയിലൂടെ സഞ്ചരിക്കാനാകും.