വിവരാവകാശ അപേക്ഷകനെ വിരട്ടി പൊലീസിൽ ചോദ്യം പിൻവലിപ്പിച്ചു

തിരുവനന്തപുരം∙ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനെതിരെ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ച വ്യക്തിയെ ഭീഷണിപ്പെടുത്തി ചോദ്യങ്ങൾ പിൻവലിപ്പിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകിയ ഡിവൈഎസ്പിയെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ സ്ഥാനത്തു നിന്നു മാറ്റി പകരം ആരോപണ വിധേയനായ ജൂനിയർ സൂപ്രണ്ടിനെ ആ സ്ഥാനത്ത് എഡിജിപി ടോമിൻ തച്ചങ്കരി നിയമിച്ചു. ഡിജിപി നിയോഗിച്ച ഇൻഫർമേഷൻ ഓഫിസറെയാണ് ഇല്ലാത്ത അധികാരത്തിൽ തച്ചങ്കരി മാറ്റിയത്.

ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ജൂനിയർ സൂപ്രണ്ട് എൻ.സനൽകുമാറിനെക്കുറിച്ചു റിട്ട.എസ്ഐ എസ്.ശ്രീകുമാരൻ വിവരവാകാശ നിയമപ്രകാരം ചോദ്യങ്ങൾ നൽകിയതോടെയാണു സംഭവങ്ങളുടെ തുടക്കം. വിദേശയാത്രകൾ, ബീക്കൺ ലൈറ്റുള്ള പൊലീസ് വാഹനത്തിന്റെ ദുരുപയോഗം, സോഫ്റ്റ്‌വെയർ ഇടപാടുകൾ എന്നിവയെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ. അപേക്ഷ എസ്‌സിആർബി ഡിവൈഎസ്പി: എസ്.അനിൽകുമാർ പരിശോധിക്കുന്നതിനിടെ, അപേക്ഷ പിൻവലിക്കുന്നുവെന്നും മറുപടി വേണ്ടെന്നും അറിയിച്ച് ശ്രീകുമാരന്റെ മറ്റൊരു കത്തു ലഭിച്ചു.

രണ്ട് അപേക്ഷകളിലെയും ശ്രീകുമാരന്റെ കയ്യൊപ്പു വ്യത്യസ്തമാണെന്നു ഡിവൈഎസ്പി കണ്ടെത്തി. സനൽകുമാറും സിറ്റി ട്രാഫിക്കിലെ കോൺസ്റ്റബിൾ അനിൽകുമാറും ശ്രീകുമാരന്റെ ക്വട്ടേഴ്സിൽ പോയി ഭീഷണിപ്പെടുത്തി അപേക്ഷ പിൻവലിപ്പിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജൂനിയർ സൂപ്രണ്ട് സനൽകുമാറാണ് പിൻവലിക്കൽ അപേക്ഷ കൈമാറിയതെന്നു ക്ലാർക്ക് മൊഴി നൽകി. അപേക്ഷന്റെ മേൽവിലാസം കണ്ടെത്തി സനൽ അപേക്ഷകനെ ഭീണിപ്പെടുത്തിയാണ് പിൻവലിപ്പിച്ചതെന്നും വിശദ അന്വേഷണം വേണമെന്നും എസ്പിക്കു ഡിവൈഎസ്പി റിപ്പോർട്ട് നൽകി.

റിപ്പോർട്ട് എസ്പിക്കു ലഭിച്ചു രണ്ടുദിവസം കഴിഞ്ഞപ്പോൾ അന്വേഷണം നടത്തിയ ഡിവൈഎസ്പിയെ എസ്‌സിആർബിയിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ സ്ഥാനത്തു നിന്ന് എഡിജിപി തച്ചങ്കരി മാറ്റി. പകരം ആരോപണവിധേയനായ മാനേജരെ ആ തസ്തികയിലും ഭീഷണിപ്പെടുത്തി അപേക്ഷ പിൻവലിപ്പിച്ച ജൂനിയർ സൂപ്രണ്ടിനെ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറായും നിയമിച്ച് ഉത്തരവിട്ടു. പൊലീസ് സേനയിലെ എല്ലാ വിഭാഗത്തിലും പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാരെ ഡിജിപി നിയമിച്ചത് 2016 നവംബറിലാണ്. അതു ലംഘിച്ചാണു തച്ചങ്കരിയുടെ പുതിയ ഉത്തരവ്. അതും മാനേജരുടെ ശുപാർശ എഴുതി വാങ്ങിയ ശേഷം.