പ്രളയ സഹായം കിട്ടാൻ 30,000 പേർ കൂടി

തിരുവനന്തപുരം ∙ സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ പ്രളയദുരിതാശ്വാസം കിട്ടാൻ ഇനിയും 30,000 പേർ. ഇന്നലെയ്ക്കകം തുക കൊടുത്തു തീർക്കാനാണു ലക്ഷ്യമിട്ടിരുന്നത്. 5.60 ലക്ഷം പേരുടെ പട്ടികയാണ് ആദ്യം തയാറാക്കിയത്. കഴിഞ്ഞ 29 വരെ അപേക്ഷ സ്വീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് തീയതി നീട്ടി. ഇതോടെ കൂടുതൽ‌ അപേക്ഷകൾ ലഭിച്ചതിനാലാണു വിതരണം പൂർത്തിയാകാൻ വൈകുന്നതെന്ന് അധികൃതർ അറിയിച്ചു.

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിൽ വിതരണം പൂർത്തിയായി. കോഴിക്കോട്ട് ഇന്നും വയനാട്ടിൽ രണ്ടു ദിവസത്തിനകവും പൂർത്തിയാകും.

കോട്ടയം ജില്ലയിൽ രണ്ടാം ഘട്ടത്തിൽ അപേക്ഷ നൽകിയ 6841 പേർക്കു കൂടി തുക അനുവദിച്ചു. 45 അപേക്ഷകൾ തള്ളി. 

ആലപ്പുഴയിൽ അർഹതയുള്ള 1,60,437 കുടുംബങ്ങൾക്കും സഹായധനം കൈമാറിയെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും ചിലർക്ക് ഇപ്പോഴും കിട്ടിയിട്ടില്ല. ട്രഷറി വഴി ബാങ്കുകൾക്കു കൈമാറിയിട്ടുണ്ടെന്നും അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാകാം കാരണമെന്നും അധികൃതർ പറയുന്നു.

എറണാകുളത്തു ബാക്കിയുള്ള 3533 അപേക്ഷകളിൽ സ്ഥിതിവിവരം അന്വേഷണം കഴിഞ്ഞ് തുക കൈമാറാൻ രണ്ടാഴ്ചയെങ്കിലും എടുക്കും.