കേരളത്തിൽ കൂടുതൽ പദ്ധതികളിൽ മുതൽമുടക്കാൻ ഡിപി വേൾഡ്

ദുബായിൽ ഡിപി വേൾഡ് അധികൃതരുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ചർച്ച. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, വ്യവസായി എംഎ യൂസഫലി തുടങ്ങിയവർ സമീപം

ദുബായ്∙ പ്രമുഖ പോർട് മാനേജ്മെന്റ് കമ്പനിയായ ഡിപി വേൾഡ് കൊച്ചിയിൽ ലോജിസ്റ്റിസ്ക്സ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ആരംഭിക്കും. യുഎഇ സന്ദർശനത്തിന്റെ അവസാന ദിനമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കമ്പനി ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു വേണ്ട സ്ഥലം കൊച്ചിയിൽ ഉടൻ ഏറ്റെടുത്ത് നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. കൊച്ചി-ബെംഗളുരു ഇൻഡസ്ട്രിയൽ കോറിഡോർ ഇതുവഴി സാധ്യമാകുമെന്നും ഡിപി വേൾഡുമായി അധികം വൈകാതെ ധാരണാപത്രം ഒപ്പുവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉൾനാടൻ ജലഗതാഗത മേഖല, ചെറുകിട തുറമുഖ വികസനം എന്നിവയിലും സഹകരിക്കാൻ ഡിപി വേൾഡ് സന്നദ്ധത അറിയിച്ചു. 2020ൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. വൻകിട കപ്പലുകളിൽ നിന്ന് ചരക്കുനീക്കവുമായി ബന്ധപ്പെട്ട കബൊട്ടാഷ് നിയമം ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ, വ്യവസായി എം.എ. യൂസഫലി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ഡിപി വേൾഡ് സിഎഫ്ഒ രാജിത്ത് സിങ് വാലിയ, വൈസ് പ്രസിഡന്റ് ഉമർ അൽ മുഹൈരി തുടങ്ങിയർ ചർച്ചയിൽ പങ്കെടുത്തു.

നേരത്തെ ദുബായ് ഹോൾഡിങ്സ് ചെയർമാൻ അബ്ദുല്ല ഹബ്ബായിയുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി സ്മാർട് സിറ്റി പദ്ധതികളുടെ പുരോഗതി വിലയിരുത്തി.