നവംബർ 1 മുതൽ സമരമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

പാലക്കാട് ∙ ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ചും മിനിമം ചാർജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടും നവംബർ 1 മുതൽ അനിശ്ചിതകാല ബസ് പണിമുടക്കു നടത്തുമെന്നു കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻസ് കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. വാഹനനികുതി ഇളവ് അനുവദിക്കുക, വിദ്യാർഥികൾക്ക് മിനിമം ചാർജ് 5 രൂപയാക്കുക, ഡീസൽ വിലയിൽ ബസുകൾക്ക് ഇളവ് അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

നവംബർ 15ന് പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ

കൊച്ചി∙ നവംബർ 15 ന് സ്വകാര്യ ബസുടമകൾ പണിമുടക്കും. ഡീസൽവില ഉയരുന്നതു മൂലം പ്രതിസന്ധിയിലായ വ്യവസായത്തെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും   കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. എട്ടിന് സെക്രട്ടറിയേറ്റിലേക്കു മാർച്ച് നടത്തും. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ നവംബർ 17 ന് ചേരുന്ന സംസ്ഥാന സമിതി യോഗം അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യൻ, ജന. സെക്രട്ടറി ലോറൻസ് ബാബു എന്നിവർ പറഞ്ഞു.