Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹയർ സെക്കൻഡറി സ്ഥലംമാറ്റം: അന്തിമ പട്ടിക ഇന്ന്

തിരുവനന്തപുരം∙ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള അന്തിമ പട്ടിക ഇന്നിറങ്ങും.

സ്ഥലം മാറ്റം നടപ്പാക്കാൻ കഴിഞ്ഞ നാലിനാണ് സർക്കാർ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ അയ്യായിരത്തോളം അധ്യാപകരുടെ സ്ഥലം മാറ്റപ്പട്ടിക കഴിഞ്ഞ 12ന് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു. ഇതേക്കുറിച്ചു പരാതിയുണ്ടെങ്കിൽ നൽകാൻ 10 ദിവസം അനുവദിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ആയിരത്തഞ്ഞൂറോളം പരാതികൾ ലഭിച്ചു. ഇതിൽ നൂറോളം  മാത്രമാണ് കഴമ്പുള്ളതായി കണ്ടെത്തിയതെന്നു ഡയറക്ടർ പി.കെ.സുധീർ ബാബു അറിയിച്ചു.

ഈ പരാതികളുടെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റ പട്ടികയിൽ മാറ്റം വരുത്താനുള്ള നിർദേശം നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്(എൻഐസി) നൽകിയിട്ടുണ്ട്. ഈ മാറ്റം കൂടി ഉൾപ്പെടുത്തിയായിരിക്കും ഇന്ന് അന്തിമ പട്ടിക പ്രസിദ്ധീരിക്കുക. നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പട്ടിക തയാറാക്കിയത് എൻഐസിയായിരുന്നു. ഇന്ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നു കോടതി വിധിയുണ്ട്. ഇത്തവണത്തെ സ്ഥലം മാറ്റത്തിനെതിരെ ഇരുപതോളം കേസുകൾ ഇതുവരെ വന്നുവെങ്കിലും  നടപടികൾ കോടതി സ്റ്റേ ചെയ്തിട്ടില്ല.