സാജു വർഗീസിന്റെ വസ്തുവകകൾ ആദായനികുതി വിഭാഗം കണ്ടുകെട്ടി

കൊച്ചി ∙ എറണാകുളം– അങ്കമാലി അതിരൂപതയിൽനിന്നു കോതമംഗലം സ്വദേശി സാജു വർഗീസ് കുന്നേൽ വാങ്ങിയ ഭൂമി ആദായനികുതി വിഭാഗം താൽക്കാലികമായി കണ്ടുകെട്ടി. നികുതിവെട്ടിപ്പു നടന്നിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. ഭൂമി ഇടപാടിൽ സാജു വർഗീസ് അനധികൃത സാമ്പത്തിക കൈമാറ്റം നടത്തിയതായുള്ള പരാതിയിലാണ് അന്വേഷണം. സാജുവിന്റെ വാഴക്കാലയിലെ വീടും നഗരത്തിന്റെ പലഭാഗത്തുള്ള 7 വസ്തുവ‌കകളും താൽക്കാലികമായി കണ്ടുകെട്ടി. ഇവയുടെ തുടർ കൈമാറ്റം സംബന്ധിച്ച് അന്വേഷണം പൂർത്തിയായശേഷം തീരുമാനിക്കുമെന്ന് ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട്  മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴികൾ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഭൂമി ഇടപാട് അന്വേഷിക്കാൻ അതിരൂപത നിയോഗിച്ച സമിതി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണം നടക്കുന്നത്. വിൽപന രേഖകളിൽ കാണുന്ന തുകയും ഭൂമിയുടെ യഥാർഥ  വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് ആദായനികുതി വിഭാഗത്തിന്റെ വിലയിരുത്തൽ.

എറണാകുളം– അങ്കമാലി അതിരൂപത 10 ഏക്കർ വിൽക്കുന്നു

കൊച്ചി ∙ ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായി എറണാകുളം– അങ്കമാലി അതിരൂപത കാക്കനാട്ടെ ഭൂമി വിൽക്കുന്നു. കാക്കനാട്ടെ വിജോ ഭവനു സമീപത്തുള്ള 10 ഏക്കറാണ് ഉദ്ദേശിക്കുന്നത്. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുമായി ഇതുസംബന്ധിച്ചു ചർച്ചകൾ തുടരുന്നു.

സെന്റിന് അഞ്ചു ലക്ഷം രൂപ നിരക്കിലുള്ള വിൽപനയാണു ലക്ഷ്യമിടുന്നത്. ഇതുവഴി 50 കോടി രൂപ സമാഹരിക്കാനാവും. ഇതും മറ്റുചില ഭൂസ്വത്തും വിറ്റുകിട്ടുന്ന തുക ഉപയോഗിച്ചു വായ്പ തിരിച്ചടക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. അതിരൂപതയിലെ ഭൂമി ഇടപാടുകൾ വിവാദമായതിനെത്തുടർന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മാർ ജേക്കബ് മനത്തോടത്തിനു വത്തിക്കാൻ നൽകിയ നിർദേശങ്ങളിലൊന്നാണ് എത്രയും വേഗം കടബാധ്യതകൾ തീർക്കാൻ വഴികണ്ടെത്തണം എന്നത്. ഭൂമി വാങ്ങുന്നതു സംബന്ധിച്ചു ചർച്ചകളിലൂടെ ഏകദേശ ധാരണയായെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.