നിലയ്ക്കൽ– പമ്പ ഒരു മിനിറ്റ് ഇടവിട്ട് ബസ് സർവീസ്

തിരുവനന്തപുരം∙ ശബരിമല തീർഥാന കാലത്തു നിലയ്ക്കൽ മുതൽ പമ്പ വരെ ഒരു മിനിറ്റ് ഇടവിട്ട് 250 ബസുകൾ 24 മണിക്കൂറും സർവീസ് നടത്താൻ കെഎസ്ആർടിസി. 16 മുതൽ ഒരു മിനിറ്റ് ഇടവിട്ട് 100 നോൺ–എസി ബസുകളും രണ്ട് മിനിറ്റ് ഇടവിട്ട് 150 എസി ബസുകളും പുറപ്പെടും. ഇതിൽ 10 ഇലക്ട്രിക് ബസുകളുമുണ്ടാകും. ഇതിനായി 800 ജീവനക്കാരെ നിയോഗിച്ചു.

സ്വകാര്യവാഹനങ്ങൾക്കു പമ്പയിലേക്ക് പ്രവേശനമില്ലാത്തതിനാൽ കെഎസ്ആർടിസി മാത്രമാണ് ഏക ഗതാഗതമാർഗം. ഒരു വശത്തേക്ക് നോ‍ൺ–എസി സർവീസുകൾക്ക് 40 രൂപയും എസി സർവീസുകൾക്ക് 75 രൂപയുമാണു ടിക്കറ്റ് ചാർജ്. ഒരു ദിവസത്തിനെ മൂന്നു മണിക്കൂർ വീതമുള്ള ആറ് ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ഒരു ബ്ലോക്കിൽ 15,000 പേർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. ക്യുആർ കോഡുള്ള ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനമാണ് വരുന്നത്. ബസിൽ കയറുന്നതിനു മുൻപ് ടിക്കറ്റിലെ കോഡ് സ്കാൻ ചെയ്ത് ഉറപ്പാക്കും. ഓൺലൈനായി ബുക്ക് ചെയ്യാത്തവർക്ക് ടിക്കറ്റ് കൗണ്ടറുകളും 15 കിയോസ്കുകളും സ്ഥാപിച്ചിട്ടുണ്ട്.

നിലയ്ക്കലിലും പമ്പയിലും കെഎസ്ആർടിസി വക പെയ്ഡ് ക്ലോക് റൂം സംവിധാനമുണ്ട്. വിമാനത്താവളത്തിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും തീർഥാടകരെ ദർശനത്തിനു കൊണ്ടുപോകുന്ന ശബരിമല ദർശൻ ടൂർ പാക്കേജുമുണ്ടായിരിക്കും. ബുക്കിങ് ആരംഭിച്ചു. യാത്രാമധ്യേ ശുചിമുറി സൗകര്യവും ശുദ്ധജലവും ഒരുക്കും. ബസിൽ വൈഫൈയും മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇലക്ട്രിക് ബസുകൾക്കുള്ള 500 കിലോവാട്ട് ചാർജിങ്ങ് സ്റ്റേഷൻ ഉടൻ കെഎസ്ഇബി സ്ഥാപിക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.