ശബരിമല: സിപിഎമ്മും ബിജെപിയും പ്രശ്നം വഷളാക്കിയെന്നു ഉമ്മൻചാണ്ടി

ഉമ്മൻ ചാണ്ടി

കുമളി∙ ശബരിമല യുവതീപ്രവേശം സിപിഎമ്മും ബിജെപിയും രാഷ്ട്രീയവൽക്കരിച്ചുവെന്നു എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. യുഡിഎഫ് വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ തുടരണമെന്നാണ് യുഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. പിടിവാശിയാണ് സിപിഎം കാട്ടുന്നത്. ബിജെപി ശബരിമലയെ കലാപഭൂമിയാക്കി.  ഇക്കാര്യത്തിൽ കേരളവും കേന്ദ്രവും ഇടപെട്ട് ഓർഡിനൻസ് ഇറക്കിയിരുന്നുവെങ്കിൽ പ്രശ്നം രമ്യമായി പരിഹരിക്കാമായിരുന്നു. ഇതിനു മുതിരാതെ ഇരുഭാഗവും ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു. കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം ബൂത്ത് തല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.