മന്ത്രി ജലീലിനെ പുറത്താക്കണം: മുഖ്യമന്ത്രിക്ക് രമേശിന്റെ കത്ത്

തിരുവനന്തപുരം∙മന്ത്രിസഭാതീരുമാനമടക്കം ലംഘിച്ചു ബന്ധുനിയമനത്തിലൂടെ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന ആക്ഷേപം നേരിടുന്ന മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. ഇ.പി. ജയരാജൻ ബന്ധുനിയമനം നടത്തി പുറത്തായ പശ്ചാത്തലത്തിൽ പൊതുമേഖലാസ്ഥാപനങ്ങളിലെ ഉന്നത നിയമനങ്ങളെക്കുറിച്ചു മന്ത്രിസഭ ചർച്ച ചെയ്തു മാർഗരേഖ തയാറാക്കിയിരുന്നുവെന്നു ചെന്നിത്തല പറഞ്ഞു.

ഇത്തരം നിയമനങ്ങളുടെ കാര്യത്തിൽ വിജിലൻസ് അനുമതി നിർബന്ധമാക്കിയും വിദഗ്ധ സമിതിയുടെ പരിശോധന ഉറപ്പാക്കിയുമാണ് ഉത്തരവിറക്കിയത്. എന്നാൽ ന്യൂനപക്ഷധനകാര്യകോർപറേഷൻ ജനറൽമാനേജർ സ്ഥാനത്തേക്കു ബന്ധുവിനെ ജലീൽ നിയമിച്ചത് ഈ ഉത്തരവ് കാറ്റിൽ പറത്തിയാണ്. ആറുമാസം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണു ചെയ്തിരിക്കുന്നത്. ജയരാജനെ പുറത്താക്കിയ മുഖ്യമന്ത്രിക്കു ജലീലിനെ നിലനിർത്താൻ ഒരു അർഹതയുമില്ല.താരതമ്യപ്പെടുത്തിയാൽ ചെറിയ കുറ്റമാണു ജയരാജൻ ചെയ്തത്. ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കും. യൂത്ത് ലീഗിന്റെ ആരോപണം ലീഗ് ഏറ്റെടുത്തിട്ടില്ലെന്ന ആക്ഷേപം ശരിയല്ലെന്നു ചെന്നിത്തല വിശദീകരിച്ചു. നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ, കെ.പി.എ. മജീദ് എന്നിവരെല്ലാം പ്രതികരിച്ചിരുന്നു.

‘ശ്രീധരൻപിള്ളയുടെ വാക്ക് കീറച്ചാക്ക് പോലെ’

‌പി.എസ്.ശ്രീധരൻപിള്ളയുടെ വാക്കിനു കീറച്ചാക്കിന്റെ വിലയില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസുകാരിൽ പലരും ബിജെപിയിലേക്കു ചേരുമെന്ന ശ്രീധരൻപിള്ളയുടെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ശബരിമലയിൽ ആർഎസ്എസ്–ബിജെപി അഴിഞ്ഞാട്ടം സർക്കാർ അനുവദിച്ചുകൊടുത്തു. പൊലിസ് അവിടെ നോക്കുകുത്തിയായി. ഈ സ്ഥിതി തുടർന്നാൽ മണ്ഡലകാലത്തു ശബരിമലയിലെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കണം. ദേവസ്വംബോർഡെന്ന സ്ഥാപനം ഇപ്പോഴുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.