ബന്ധുനിയമനം: തൽക്കാലം സിപിഎം ജലീലിനൊപ്പം

തിരുവനന്തപുരം∙ ബന്ധുനിയമനത്തിന്റെ പേരിൽ ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീലിനെ സിപിഎം തൽക്കാലം കൈവിടില്ല. കോടതിയോ അന്വേഷണ ഏജൻസികളോ കുറ്റക്കാരനെന്നു കണ്ടാൽ അപ്പോൾ ആലോചിക്കാമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  ധാരണയിലെത്തി.

ഭാവിയിലെ അപകടസാധ്യത കണ്ടുകൊണ്ടു തന്നെ ജലീലിനെ സംരക്ഷിക്കുന്ന പരസ്യ നിലപാടെടുക്കാനും സെക്രട്ടേറിയറ്റ്  തയാറായില്ല. പാർട്ടി നിലപാടു വിശദീകരിക്കുന്ന വാർത്താകുറിപ്പ് അതുകൊണ്ടു വേണ്ടെന്നുവച്ചു. ജലീലും അദ്ദേഹം നിയമനം നടത്തിയ ന്യൂനപക്ഷ ധനകാര്യ കോർപറേഷനും വിശദീകരിച്ചതിനാൽ പാർട്ടി കൂടി അതു ചെയ്യേണ്ടെന്ന ന്യായമാണു നേതാക്കളുടേത്.

ഒരു വർഷത്തെ ഡപ്യൂട്ടേഷൻ നിയമനത്തിന്റെ പേരിൽ ജലീലിനെ കൈവിടേണ്ട കാര്യമില്ലെന്ന വികാരമാണു സെക്രട്ടേറിയറ്റിലുയർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ അഭിപ്രായം പ്രകടിപ്പിച്ചതോടെ അതു പൊതുനിലപാടായി മാറി.

ബന്ധുനിയമന വിവാദത്തി‍ൽ കുടുങ്ങിയ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനെ കൈവിട്ടപ്പോൾ പാർട്ടി അംഗം പോലുമല്ലാത്ത ജലീലിനെ സംരക്ഷിക്കുന്നതിന്റെ വൈരുധ്യം സിപിഎമ്മിനു മുന്നിലുണ്ട്. മതിയായ പ്രവർത്തന പരിചയമില്ലാതിരുന്ന ഒരാളെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയായി മുഖ്യമന്ത്രിയുടെ വിലക്കു മറികടന്നു നിയമിച്ചതും ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ ഡപ്യൂട്ടേഷൻ നിയമനവും തമ്മിൽ താരതമ്യമില്ലെന്നാണു നേതാക്കളുടെ വിശദീകരണം.

ജലീലിന്റെ തീരുമാനം സദ്ദുദ്ദേശ്യപരമായിരിക്കാമെങ്കിലും നടപടിക്രമങ്ങളിലെ വീഴ്ച സിപിഎം കണക്കിലെടുത്തിട്ടുണ്ട്. പുതിയ ആരോപണങ്ങൾ ഉയരുന്നതും ശ്രദ്ധിക്കുന്നു. ജലീലിന്റെ ആദ്യ വിശദീകരണത്തിലും അതൃപ്തിയുണ്ട്. വിവാദനിയമനം റദ്ദാക്കാൻ പാർട്ടി അതേസമയം നിർദേശിച്ചിട്ടില്ല. ജയരാജന്റെ പ്രശ്നത്തിൽ ആദ്യം നിയമനം റദ്ദാക്കാൻ പറഞ്ഞ ശേഷമാണ് അദ്ദേഹത്തെ കൈവിടുന്നത്. ആ രീതി തുടർന്നാൽ ജലീലിനെ സംരക്ഷിക്കുക എളുപ്പമാകില്ല.