‌ബാങ്ക് തട്ടിപ്പ് പ്രതിക്കു വേണ്ടി മന്ത്രി ജലീലിന്റെ പേരു പറഞ്ഞു ഭീഷണി: അന്വേഷണം നിലച്ചു

കണ്ണൂർ∙ ദുബായിലെ ബാങ്കിൽനിന്നു 3.8 കോടി രൂപ വായ്പയെടുത്തു വഞ്ചിച്ച കേസിൽ പ്രതിയായ മലപ്പുറത്തെ വ്യവസായിയോടു പണം തിരികെ ആവശ്യപ്പെട്ടപ്പോൾ മന്ത്രി കെ.ടി. ജലീലിന്റെ പേരു പറഞ്ഞു ബാങ്കിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണം എങ്ങുമെത്തിയില്ല. ഇന്ത്യയിൽ കേസ് നടത്താൻ ബാങ്ക് ചുമതലപ്പെടുത്തിയ സ്ഥാപനം ഭീഷണിക്കെതിരെ മുഖ്യമന്ത്രിക്കും മന്ത്രി ജലീലിനും ജനുവരിയിൽ പരാതി നൽകിയിരുന്നു. നടപടിയുമുണ്ടായില്ലെന്നു കാണിച്ചു സ്ഥാപനം വീണ്ടും മന്ത്രിയുടെ ഓഫിസിനെ സമീപിച്ചു. ഇതിനിടെ, ജലീലിനൊപ്പം നിൽക്കുന്ന സെൽഫി വിവാദ വ്യവസായി ഫെയ്സ്ബുക് പേജിലിട്ടു. 

ദുബായിൽ കമ്പനി നടത്തിയിരുന്ന മലപ്പുറം രണ്ടത്താണി പള്ളിമാലിൽ ഹുസൈനെതിരെ നാഷനൽ ബാങ്ക് ഓഫ് റാസൽഖൈമ, ഇന്ത്യയിലെ പവർ ഓഫ് അറ്റോർണിയായ എക്സ്ട്രീം ഇന്റർനാഷനൽ മാനേജ്മെന്റ് കൺസൽറ്റൻസി മുഖേന എറണാകുളം മജിസ്ട്രേട്ട് കോടതിയെ സമീപിച്ചിരുന്നു. കോടതി നി‍ർദേശപ്രകാരം ഹുസൈനെ പ്രതിയാക്കി ഫെബ്രുവരിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. 

2.75 കോടിയെങ്കിലും അടച്ചാൽ ഒത്തുതീർക്കാമെന്ന ബാങ്കിന്റെ വാഗ്ദാനം ഹുസൈന്റെ മലപ്പുറത്തെ ബന്ധുക്കളെ കൺസൽറ്റൻസി അറിയിച്ചു. എന്നാൽ യുഎഇയിൽ നടന്നത് അവിടെ തീർത്താൽ മതിയെന്നും മറ്റെന്തെങ്കിലും വേണമെങ്കിൽ മന്ത്രി കെ.ടി. ജലീലിനെ ബന്ധപ്പെട്ടാൽ മതിയെന്നുമായിരുന്നു അടുത്ത ബന്ധുവിന്റെ മറുപടി. 

പണം തിരികെ വാങ്ങാൻ ശ്രമിച്ചാൽ രാഷ്ട്രീയബന്ധം ഉപയോഗിച്ചു ‘പണി’ തരുമെന്നും ഭീഷണി മുഴക്കി. ഭീഷണി വിവരവും ഫോ‍ൺ നമ്പറും സഹിതമാണു കൺസൽറ്റൻസി കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രിക്കും മന്ത്രിക്കും പരാതി നൽകിയത്.

കിലയിലും മന്ത്രി വക വഴിവിട്ട നിയമനം: അനിൽ അക്കര

തൃശൂർ∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എസ്ഡിപിഐ നേതാവടക്കമുള്ള 10 പേരെ മന്ത്രി കെ.ടി. ജലീൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനി (കില)ൽ നിയമിച്ചുവെന്ന് അനിൽ അക്കര എംഎൽഎ ആരോപിച്ചു.

കിലയിലെ എല്ലാ നിയമനവും പിഎസ്‌സി വഴി നടത്തണമെന്നു നിർവാഹക സമിതി തീരുമാനിച്ചതാണ്. 90 ദിവസത്തിൽ കൂടുതലുള്ള നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്നാണു സർക്കാർ നിർദേശം. ഇതെല്ലാം മറി കടന്നാണു നിയമനം.