ഗുരുവായൂർ, വൈക്കം സത്യഗ്രഹങ്ങളിൽ ആഹ്വാനം ചെയ്തത് ആചാരം ലംഘിക്കാൻ: മുഖ്യമന്ത്രി

ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ സ്മാരകം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ്, സി.എൻ.ജയദേവൻ എംപി, കെ.വി.അബ്ദുൽ ഖാദർ എംഎൽഎ, നഗരസഭാ ചെയർപഴ്സൻ പി.കെ.ശാന്തകുമാരി തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

ഗുരുവായൂർ ∙ ആചാരം ലംഘിക്കാനാണു കോൺഗ്രസ് ദേശീയ നേതൃത്വം ഗുരുവായൂർ, വൈക്കം സത്യഗ്രഹ കാലത്ത് ആഹ്വാനം ചെയ്തതെന്ന കാര്യം മറക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രപ്രവേശന സത്യഗ്രഹത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചവർക്കു ചരിത്രത്തിൽ എവിടെയായിരുന്നു സ്ഥാനമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ നിർമിച്ച ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരകവും ദേവസ്വത്തിന്റെ സിസിടിവി ക്യാമറ നെറ്റ്‌വർക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അവർണർക്കു ക്ഷേത്രപ്രവേശനം നൽകണമെന്നാഹ്വാനം ചെയ്യുന്ന നവോഥാന സമരങ്ങൾ നയിച്ചവരിൽ സവർണരുമുണ്ടായിരുന്നു. ഈ സമരങ്ങൾക്കെല്ലാം അന്ന് എൻഎസ്എസും എസ്എൻഡിപിയും പിന്തുണ നൽകിയിരുന്നു. അവർണർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഗുരുവായൂരപ്പന്റെ ചൈതന്യം കുറയുമെന്നായിരുന്നു തടസ്സവാദം. ക്ഷേത്രപ്രവേശനത്തിനു ശേഷം ഗുരുവായൂരപ്പന്റെ ചൈതന്യം കൂടി എന്നു വിശ്വാസികൾക്കറിയാം.

വടകരയിൽ 1931ൽ ചേർന്ന കോൺഗ്രസ് സമ്മേളനമാണ് അധഃകൃതരെന്നു വിശേഷിപ്പിച്ചിരുന്നവർക്കു ക്ഷേത്രപ്രവേശനം വേണമെന്ന പ്രമേയം പാസാക്കിയത്. വൈക്കം സത്യഗ്രഹത്തിലും കോൺഗ്രസ് ദേശീയ നേതൃത്വം പുരോഗമന നിലപാട് സ്വീകരിച്ചു. ആചാരം ലംഘിക്കാൻ ആഹ്വാനം ചെയ്ത അന്നത്തെ കോൺഗ്രസ് നേതാക്കളുടെ തുടർച്ച ഇപ്പോഴുണ്ടോയെന്ന് ആത്മപരിശോധന നടത്തണം – മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ ഒരിടത്തും ശബരിമലയെയോ സുപ്രീം കോടതിയെയോ പരാമർശിച്ചില്ല. കേന്ദ്രത്തിന്റെ പ്രസാദ് പദ്ധതിയിലെ 4 കോടി രൂപ കൊണ്ടാണു ക്ഷേത്ര പരിസരത്തു സിസിടിവി ക്യാമറ വച്ചതെങ്കിലും ഇക്കാര്യവും പരാമർശിച്ചില്ല.