ക്ഷേമപെൻഷൻ കുടിശിക ഡിസംബർ 15 മുതൽ

തിരുവനന്തപുരം∙ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ എണ്ണം  വെട്ടിക്കുറയ്ക്കുന്നതു  ധനവകുപ്പ് തൽക്കാലം വേണ്ടെന്നു വച്ചു. നിലവിൽ പെൻഷൻ ലഭിക്കുന്നവർക്കു കുടിശിക അടക്കമുള്ള  തുക ഡിസംബർ 15 മുതൽ വിതരണം ചെയ്യും.

ക്രിസ്മസും പുതുവത്സരവും പ്രമാണിച്ചാണു 3 മാസത്തെ കുടിശിക ഉൾപ്പെടെ വിതരണം ചെയ്യുന്നത്. മുൻപ് ഓണത്തിനാണ് ക്ഷേമ പെൻഷൻ നൽകിയത്. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന്  വൈദ്യുതി ബിൽ ആധികാരിക രേഖയായി കണക്കാക്കാമെന്നു ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനു ശുപാർശ നൽകിയിരുന്നു. എന്നാൽ,  വരുമാന സർട്ടിഫിക്കറ്റിനു പകരം വൈദ്യുതി ബിൽ ആധികാരിക  രേഖയായി കണക്കാക്കാൻ തൽക്കാലം കഴിയില്ലെന്നാണു ധനവകുപ്പിന്റെ നിലപാട്. വൈദ്യുതി ബില്ലിനെ ആധികാരിക രേഖയായി കണക്കാക്കുമ്പോൾ നിയമ, സാങ്കേതിക പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇതു നിയമക്കുരുക്കിനും ഇടയാക്കും. 

ലോക്സഭാ തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തിൽ നിലവിലുള്ള ക്ഷേമ പെൻഷൻ വിതരണം തൽക്കാലം വെട്ടിക്കുറയ്ക്കില്ലെന്നും  സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇപ്പോൾ 39 ലക്ഷം പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. 

സാമൂഹിക സുരക്ഷാ പെൻഷനുകളും കൂടി ചേർക്കുമ്പോൾ 52 ലക്ഷം പേർക്കാണ് അർഹത.