ജലീൽ വന്ന ശേഷം നിയമിച്ചത് 21 പേരെ; നിയമനം നോട്ടിസ് നൽകാതെ 12 പേരെ പിരിച്ചു വിട്ട ശേഷം

കെ.ടി.ജലീൽ

കോഴിക്കോട് ∙ ബന്ധുനിയമന വിവാദത്തിൽ ഉൾപ്പെട്ട സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറഷനെയും മന്ത്രി കെ.ടി.ജലീലിനെയും പ്രതിരോധത്തിലാക്കി പിരിച്ചുവിടൽ ആരോപണവും. കോർപറേഷനിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവന്നിരുന്ന 12 പേരെ പുതിയ സർക്കാർ അധികാരത്തിലേറിയപ്പോൾ നോട്ടിസ് നൽകാതെ പിരിച്ചുവിട്ടെന്നാണ് ആരോപണം. അതിനെതിരെ 5 പേർ ഹൈക്കോടതിയെ സമീപിച്ചു. 

ജലീൽ ന്യൂനപക്ഷ വകുപ്പിന്റെ ചുമതലയേറ്റശേഷം 21 പേരെയാണു കോർപറേഷനിൽ ഒറ്റയടിക്കു നിയമിച്ചത്. ഡപ്യൂട്ടേഷൻ നിയമനമാണെങ്കിലും അതിനു പിന്നിൽ ഇടപെടലുകൾ നടന്നിന്നുണ്ടെന്നാണ് ആരോപണം. സർക്കാർ അധികാരത്തിലെത്തിയശേഷം വിവിധ തസ്തികകളിലായി 21 പേരെ നിയമിച്ചുവെന്നു നിയമസഭയിലാണു മന്ത്രി മറുപടി നൽകിയത്. സമാന തസ്തികകളിൽ ജോലിചെയ്തിരുന്ന 12 പേരെ പിരിച്ചുവിട്ടാണു പുതിയ നിയമനം നടത്തിയത്. പിരിച്ചുവിട്ട ഡപ്യൂട്ടി മാനേജരുടെ ശമ്പളത്തേക്കാൾ 2,000 രൂപ കൂടുതലാണു പുതുതായി നിയമനം നേടിയവർക്കു കൊടുക്കുന്നത്. 

ജനറൽ മാനേജർ തസ്തികയുമായി ബന്ധപ്പെട്ട വിജ്ഞാപനം പത്രങ്ങളിൽ പരസ്യമായി പ്രസിദ്ധീകരിക്കാതിരുന്നതു സാമ്പത്തികപ്രയാസം മൂലമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. പക്ഷേ, ഇത്രയും പേരെ ഒരുമിച്ചു നിയമിച്ചതിനു പിന്നിലെ സാമ്പത്തികഭാരം മന്ത്രി പരിഗണിച്ചില്ലേയെന്നും ചോദ്യമുയർന്നിട്ടുണ്ട്. 

പിരിച്ചുവിടുന്നതിനു മുൻപു നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണു ചിലരുടെ വാദം. അവരാണു പരാതിയിയുമായി കോടതിയെ സമീപിച്ചത്. കോടതിയിൽ കേസ് നടത്താനുള്ള പണംകൂടി കണ്ടെത്തേണ്ട ഗതികേടിലാണു കോർപറേഷൻ ഇപ്പോൾ.