വർഗീയത പറയുന്ന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല, പിണറായി വിജയൻ

തിരുവനന്തപുരം∙ വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസ സംരക്ഷണത്തിനായും വർഗീയതയ്‌ക്കെതിരായും കെപിസിസി ആവിഷ്കരിച്ച പ്രചാരണ പരിപാടികളുടെ ഭാഗമായി കെ. മുരളീധരൻ എംഎൽഎ നയിക്കുന്ന മേഖലാ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ക്ഷേത്രകാര്യങ്ങൾ തീരുമാനിക്കേണ്ടതു മുഖ്യമന്ത്രിയല്ല, തന്ത്രിയും ആചാര്യൻമാരുമാണെന്നു രമേശ് പറഞ്ഞു. വിശ്വാസങ്ങൾ ചോദ്യം ചെയ്യാൻ ഒരു സർക്കാരിനും കഴിയില്ല. അന്ധവിശ്വാസങ്ങളല്ല, വിശ്വാസങ്ങളാണു സംരക്ഷിക്കേണ്ടത്. ശബരിമലയിലേക്കു പോകുന്ന വാഹനങ്ങൾക്കു പൊലീസ് പാസ് നിർബന്ധമാക്കിയതു പ്രായോഗികമല്ല. തല തിരിഞ്ഞ സർക്കാരായതു കൊണ്ടാണ് തല തിരിഞ്ഞ ഉത്തരവ്. മണ്ഡലകാലത്ത് അഞ്ചുകോടി ഭക്തർ എത്തുന്ന സ്ഥാനത്ത് ഇപ്പോൾ 70 ലക്ഷം പേർ മതിയെന്നാണു മുഖ്യമന്ത്രി പറയുന്നത്. ഇത് തീർത്ഥാടനം അട്ടിമറിക്കാനാണ്. ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് ജനം തള്ളിക്കളയും.

ഓരോ ദിവസവും അവർ അപഹാസ്യരാവുന്നു.  ശ്രീധരൻ പിള്ള വച്ച കെണിയിൽ അദ്ദേഹം തന്നെ വീണു. കേരളത്തിന്റെ മണ്ണിൽ അവരുടെ താമര വിരിയുകയല്ല, വാടുകയാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയെ നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണു കേരളത്തിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നു കെ. മുരളീധരൻ ചോദിച്ചു. ശബരിമലയിൽ സന്ദർഭോചിതമായാണു പൊലീസ് ഇടപെട്ടതെന്നാണു മുഖ്യമന്ത്രിയുടെ ന്യായം. ആർഎസ്എസ് അഴിഞ്ഞാട്ടം നോക്കിനിന്നതാണോ ഇടപെൽ. മോദി തിരഞ്ഞെടുപ്പു വരുമ്പോൾ ശ്രീരാമനെ ഓർക്കും. ശ്രീധരൻ പിള്ള അയ്യപ്പനെയും– മുരളി പറഞ്ഞു.