ക്ഷേത്രാധികാരികൾക്കോ ബോർഡിനോ നിർദേശം നൽകിയിട്ടില്ല: സർക്കാർ

കൊച്ചി∙ ശബരിമല സംബന്ധിച്ച് സർക്കാരോ മുഖ്യമന്ത്രിയോ ദേവസ്വം മന്ത്രിയോ ദേവസ്വം ബോർഡിനു നിർദേശമൊന്നും നൽകിയിട്ടില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രതിഷേധവും അക്രമവും കണക്കിലെടുത്തു സുരക്ഷ ശക്തമാക്കാൻ പൊലീസിനോടു നിർദേശിച്ചതേയുള്ളൂ. പ്രശ്നസാധ്യതയുണ്ടെന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു.

അടിയന്തര ഘട്ടങ്ങളിൽ സുരക്ഷ മുൻനിർത്തി പൊലീസിന്റെ നിർദേശപ്രകാരം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. യഥാർഥ ഭക്തരുടെ സംരക്ഷണവും ക്രമസമാധാന പാലനവും മാത്രമാണു ലക്ഷ്യമിടുന്നതെന്നും സർക്കാർ ബോധിപ്പിച്ചു. ക്ഷേത്രത്തിന്റെ കാര്യങ്ങളിൽ സർക്കാരിനു നിയന്ത്രണാധികാരമില്ലെന്നു പറയുന്നതു ശരിയല്ല. തീർഥാടനം സുഗമമാക്കാൻ ബാധ്യതയുണ്ട്. വൻതുക ചെലവിട്ടാണു സുരക്ഷയൊരുക്കുന്നത്.

യുവതികളുടെ സുരക്ഷയ്ക്കും ഏറെ പൊലീസിനെ നിയോഗിക്കണം. വിവിധ പദ്ധതികൾക്കായി അനുവദിക്കുന്ന തുക വേണ്ടവിധം ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ ബാധ്യതയുണ്ട്.– സർക്കാർ പത്രികയിൽ വ്യക്തമാക്കി. ക്ഷേത്ര കാര്യത്തിൽ ദേവസ്വം ബോർഡും സർക്കാരും ഇടപെടരുതെന്നും ആരാധനാ സമയം പരിമിതപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് ടി. ആർ. രമേഷ് സമർപ്പിച്ച ഹർജിയിലാണു വിശദീകരണം.