പെൻഷൻ ചാലഞ്ച്: ഇഷ്ടമുള്ള തുക തവണകളായി നൽകാം

തിരുവനന്തപുരം ∙ പെൻഷൻകാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഷ്ടമുള്ള തുക സംഭാവന ചെയ്താൽ മതിയെന്നു വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. സംഭാവന നൽകാൻ താൽപര്യമുള്ളവർ ട്രഷറി ശാഖയിൽ ലഭിക്കുന്ന നിർദിഷ്ട ഫോമിൽ അപേക്ഷിക്കണം. ഇൗ തുക ട്രഷറി ഓഫിസർമാർ പ്രതിമാസ പെൻഷനിൽ നിന്നു കുറവുചെയ്ത് സർക്കാർ അക്കൗണ്ടിലേക്കു മാറ്റും.

ബാങ്ക് വഴി പെൻഷൻ വാങ്ങുന്നവർ തൊട്ടടുത്തുള്ള ട്രഷറിയിൽ അപേക്ഷ നൽകിയാൽ മതി. അപേക്ഷ വാങ്ങാതെ ആരുടെയും അക്കൗണ്ടിൽ നിന്നു സംഭാവന കുറവു ചെയ്യാൻ പാടില്ല. തുക എത്ര തവണകളായി നൽകണമെന്ന് പെൻഷൻകാർക്കു തീരുമാനിക്കാം. രസീത് ട്രഷറിയിൽ നിന്നു ലഭിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.