ശബരിമല ദർശനത്തിനായി യുവതികൾ 800; തൃപ്തി ദേശായിയും

തിരുവനന്തപുരം∙ ശബരിമല ദർശനത്തിനായി താനും ഭൂമാതാ ബ്രിഗേഡിലെ മറ്റ് 6 പേരും നാളെ കൊച്ചിയിലെത്തുമെന്ന് തൃപ്തി ദേശായി. സർക്കാർ ചെലവിൽ ഭക്ഷണവും താമസവും സുരക്ഷയും ഒരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച ഇ മെയിലിൽ തൃപ്്തി ആവശ്യപ്പെട്ടു. സമാനമായ സന്ദേശം പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കും അയച്ചിട്ടുണ്ട്. മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ശനി ഷിഗ്ണാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദർഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധ നേടിയത്. ഇതിനിടെ, മണ്ഡല–മകരവിളക്കു കാലത്തു ശബരിമലയിൽ ദർശനത്തിനായി ഓൺലൈനിൽ റജിസ്റ്റർ ചെയ്ത യുവതികളുടെ എണ്ണം 800 ആയി. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ.