സഭാ കേസ്: കഴിഞ്ഞ വർഷത്തെ വിധി എല്ലാ പള്ളികൾക്കും ബാധകമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ കെ.സി.വർഗീസ് കേസിൽ കഴിഞ്ഞ വർഷം ജൂലൈ 3നു നൽകിയ വിധി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്കു കീഴിലെ എല്ലാ പള്ളികൾക്കും ബാധകമാണെന്ന് സുപ്രീം കോടതി. അന്യായം ഫയൽ ചെയ്യാനുള്ള അനുമതി റദ്ദാക്കിയ പ്രത്യേക കോടതിയുടെ നടപടി ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ ചാലിശേരി സെന്റ് പീറ്റേഴ്‌സ്  സെന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പളളിക്കുവേണ്ടി നൽകിയ ഹർജി ജഡ്ജിമാരായ അരുൺ മിശ്ര, വിനീത് ശരൺ എന്നിവരുടെ ബെഞ്ച് തീർപ്പാക്കി.

ചാലിശേരി പള്ളി സംബന്ധിച്ചു തങ്ങൾക്കുള്ള അവകാശം സ്ഥാപിച്ചു നൽകണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് സഭ കീഴ്ക്കോടതിയിൽ അന്യായം ഫയൽ ചെയ്തത്. സിവിൽ നടപടി ചട്ടത്തിലെ 92ാം വകുപ്പു പ്രകാരം, അന്യായം നൽകാനുള്ള അനുമതി കോടതി നൽകിയിരുന്നു. എന്നാൽ, അന്യായവും അനുമതിയപക്ഷേയും ഒരുമിച്ചാണു നൽകിയതെന്ന വിലയിരുത്തലിൽ, പ്രത്യേക കോടതി അനുമതി റദ്ദാക്കി. ഇതു ഹൈക്കോടതി ശരിവച്ചു. അതിനെതിരെയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ഉന്നയിച്ച വിഷയം അക്കാദമിക താൽപര്യം മാത്രമുള്ളതാണെന്നും കഴിഞ്ഞ വർഷം ജൂലൈയിലെ വിധി എല്ലാ പള്ളികൾക്കും ബാധകമാണെന്നും കോടതി വിശദീകരിച്ചു. അവകാശം നടപ്പാക്കിക്കിട്ടാൻ, അനുമതി ചോദിക്കാതെതന്നെ നടപടി ആവശ്യപ്പെടാമെന്നതാണ് പുതിയ ഉത്തരവിന്റെ വ്യാഖ്യാനമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പിന്നീടു വ്യക്തമാക്കി. ഹർജിക്കാർക്കുവേണ്ടി സി.യു.സിങ്ങും ഇ.എം.സദ്രുൾ അനാമും ഹാജരായി.