വാളയാറിൽ ട്രെയി‍ൻ തട്ടി കാട്ടാന ചെരിഞ്ഞു

പാലക്കാട് കഞ്ചിക്കോട്–വാളയാർ റെയിൽവേ ട്രാക്കിൽ വല്ലടിയിൽ ട്രെയിൻ ഇടിച്ചു ചരിഞ്ഞ കാട്ടാന. ചിത്രം: ജിൻസ് മൈക്കിൾ∙ മനോരമ

വാളയാർ(പാലക്കാട്)∙ കാടിറങ്ങി നാട്ടുസഞ്ചാരം പതിവാക്കിയ കാട്ടാനക്കൂട്ടത്തിലെ തലവൻ ആന വാളയാർ വനമേഖലയിൽ ട്രെയി‍ൻ തട്ടി ചെരിഞ്ഞു. കഞ്ചിക്കോട്–വാളയാർ‍ വനമേഖലയിലെ ബി ലൈൻ റെയിൽവേ ട്രാക്കിൽ ഇന്നലെ പുലർച്ചെ 5.20നായിരുന്നു സംഭവം.

 വല്ലടിയി‍ൽ ആന ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചാണ് അപകടമെന്നു വനംവകുപ്പ് പറഞ്ഞു. മംഗളൂരു–ചെന്നൈ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്.മാസങ്ങൾക്കു മുൻപു വാളയാർ–ധോണി വനത്തിൽനിന്ന് ഇറങ്ങി ജനവാസ മേഖലയെ ഭീതിയിലാക്കി തിരുവില്വാമല വരെ നടന്നു നീങ്ങിയ മൂന്നംഗ കാട്ടാന സംഘത്തിൽ അക്രമ സ്വഭാവമുണ്ടായിരുന്ന കാട്ടാനയാണു ചെരിഞ്ഞത്. ആന വാച്ചർമാർക്കിടയിൽ 25 വയസ്സുള്ള ജഗന്നാഥൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 

മുകളിലേക്കു നീണ്ട കൊമ്പുള്ളതിനാൽ ചുള്ളിക്കൊമ്പനെന്നും വിളിപ്പേരുണ്ട്. 3 തവണ കാടിറങ്ങിയ സംഘത്തിലും ഈ കൊമ്പന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഇതര ആനകളെ ആകർഷിച്ചു സംഘത്തിൽ കൂട്ടിയായിരുന്നു നാട്ടുസഞ്ചാരം.