ഡിസ്റ്റിലറി അഴിമതി: വിജിലൻസ് കോടതിയിൽ ചെന്നിത്തല പരാതി നൽകി

തിരുവനന്തപുരം∙ ബ്രൂവറി- ഡിസ്റ്റലറി അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്്ണനും എതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് കോടതിയിൽ നേരിട്ടെത്തി പരാതി നൽകി. എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്, ബ്രൂവറി–ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാർ എന്നിവർക്കെതിരേയും അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. അനുമതി റദ്ദാക്കിയതിനാൽ അഴിമതി ഇല്ലാതാകുന്നില്ലെന്ന് രമേശ് വാദിക്കുന്നു. കട്ടമുതൽ തിരിച്ചു കൊടുത്താൽ കളവു കളവാകാതിരിക്കുന്നില്ല.

മന്ത്രിമാർ, എംഎൽഎമാർ, മുൻ മന്ത്രിമാർ എന്നിവർക്കെതിരായ അന്വേഷണത്തിന് സർക്കാരിന്റെ അനുമതി വേണമെന്ന അഴിമതി നിരോധന നിയമം 17 (എ)യിലെ ഭേദഗതി പ്രകാരം അന്വേഷണത്തിന് അനുമതി തേടി രമേശ് നേരത്തെ ഗവർണറെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം ഗവർണർ നിരസിച്ചു. തുടർന്നാണ് കോടതിയെ സമീപിച്ചത്. ജനുവരി പത്തിന് കേസിൽ വിശദ വാദം കേൾക്കും. എന്നാൽ അനുമതിയിൽ ക്രമക്കേടു നടന്നിട്ടില്ലെന്ന വാദം എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ആവർത്തിച്ചു. അന്വേഷണാവശ്യം ഹൈക്കോടതിയും ഗവർണറും തള്ളിയതാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അഴിമതി അന്വേഷിക്കുന്നതിന് അനുമതിക്കായി ഗവർണറെ സമീപിച്ചെങ്കിലും ലഭിക്കാതിരുന്നതിനാൽ മുഖ്യമന്ത്രിയേയും എക്സൈസ് മന്ത്രിയേയും നിയമത്തിന്റെ മുൻപിൽ കൊണ്ടു വരാനുള്ള ഏക വഴി വിജിലൻസ് കോടതിയിൽ പരാതി നൽകുകയാണെന്നു രമേശ് പറഞ്ഞു. അഴിമതി അന്വേഷിക്കണമെന്ന തന്റെ നിലപാടു കോടതി അംഗീകരിക്കുമെന്നാണു പ്രതീക്ഷ.