ബന്ധു നിയമനം: യുഡിഎഫ് കാലത്തെ പട്ടികയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം ∙ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ബന്ധുനിയമനപ്പട്ടികയുമായി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. പലതും വ്യക്തിപരമായ കാര്യമായതുകൊണ്ട് ഇതിവിടെ വായിക്കാൻ മുതിരുന്നില്ലെന്നു പറഞ്ഞെങ്കിലും ചില നിയമനങ്ങൾ പരാമർശിച്ചു. ഇതിനു മഞ്ഞളാംകുഴി അലിയും കെ.എം മാണിയും മറുപടി നൽകി.

ന്യൂനപക്ഷ ധനകാര്യ കോർപറേഷന്റെ തന്നെ എംഡിയെയും ജനറൽ മാനേജരെയും മുൻമന്ത്രി നിയമിച്ചത് അപേക്ഷ ക്ഷണിക്കാതെ നേരിട്ടാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ബന്ധുവായ സഹകരണ ബാങ്ക് ജീവനക്കാരൻ ഹനീഫ പെരുഞ്ചേരിയിലിനെയാണു മന്ത്രി ജനറൽ മാനേജരാക്കിയത്. സൗത്ത് ഇന്ത്യൻ ബാങ്കിലെ തന്നെ ജീവനക്കാരനായ പി.സി ജയിംസിനെ ‘വെരി സ്പെഷൽ കേസ്’ എന്നു രേഖപ്പെടുത്തി പഴ്സനൽ സ്റ്റാഫിൽ നിയമിച്ചതു കെ.എം മാണിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഞ്ഞളാംകുഴി അലി: ഹനീഫ എന്നൊരു ബന്ധു എനിക്കുണ്ടെന്ന് ഈ ആരോപണം വന്നപ്പോഴാണ് അറിഞ്ഞത്. നേരത്തെ ദേശാഭിമാനിയിൽ ഈ വാർത്ത വന്നപ്പോൾ എന്റെ 6 അമ്മാവന്മാരോടും അവരുടെ 48 മക്കളോടും ചോദിച്ചു. അവരുടെയാരുടെയും പേര് ഹനീഫയെന്നല്ല. ഇപ്പറയുന്ന ഹനീഫയുടേതു രാഷ്ട്രീയ നിയമനമാണ്. അയാൾ ആപ്പ ഊപ്പയൊന്നുമല്ല. എംകോമും എൽഎൽബിയുമുള്ളയാളാണ്. നേരത്തേ ജലീലിനൊപ്പം യൂത്ത് ലീഗിൽ പ്രവർത്തിച്ചിട്ടുമുണ്ട്.

കെ.എം മാണി: ജയിംസിനെ നിയമിച്ചത് എന്റെ പഴ്സനൽ സ്റ്റാഫായിട്ടാണ്. അയാൾ എന്റെ ബന്ധുവുമല്ല. പിന്നെ എങ്ങനെയാണു ജലീലിന്റെ ബന്ധുനിയമവുമായി ഇതിനെ താരതമ്യപ്പെത്താൻ കഴിയുക?