മന്ത്രിമാരുടെ കാര്യത്തിൽ രണ്ടു നീതി: ഉമ്മൻ ചാണ്ടി

കാസർകോട്∙ കെ.ടി.ജലീലിന്റെയും ഇ.പി.ജയരാജന്റെയും കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ട നീതിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ബന്ധു നിയമന ആരോപണം തെറ്റാണെന്നു മുഖ്യമന്ത്രിക്കു പറയാൻ കഴിയുമോ? വ്യക്തമായ മറുപടി ഇല്ലാത്തതിനാലാണു നിയമസഭയിൽ അദ്ദേഹം ഒഴിഞ്ഞു മാറുന്നത്– ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. കാസർകോട് ഡിസിസി ഓഫിസിൽ വെളുത്തമ്പു സ്മാരക ഹാൾ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.

കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിനു ക്ഷണിക്കാത്തിൽ പരിഭവമില്ലെന്നു ഉമ്മൻ ചാണ്ടി. വിമാനത്താവളം ഉദ്ഘാടനത്തിനു സജ്ജമായതിൽ സന്തോഷമേയുള്ളൂ. റൺവേ നിർമാണം യുഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെ പൂർത്തിയായതാണ്. ടെർമിനലിന്റെ പണി മാത്രമാണു ബാക്കിയുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.