വികാരപ്രകടനം വീട്ടിൽ മതി; സഭയിൽ വേണ്ടത് മറുപടിയെന്ന് പി.കെ.ഫിറോസ്

മലപ്പുറം ∙ മന്ത്രി കെ.ടി.ജലീലിന്റെ വികാരപ്രകടനം വീട്ടിൽ മതിയെന്നും നിയമസഭയിൽ ചോദ്യങ്ങൾക്കു മറുപടിയാണു വേണ്ടതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ബന്ധുനിയമന വിവാദത്തിൽ ജലീലിനെ രക്ഷിക്കാൻ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു.

ജലീലിന്റെ ബന്ധു കെ.ടി.അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ ആയി ഒരുമാസത്തെ പ്രതിഫലം കൈപ്പറ്റിയ രേഖ നേരത്തേ പുറത്തുവന്നതാണ്. ഒരു രൂപ പോലും നഷ്ടമില്ലെന്നാണ് മുഖ്യമന്ത്രി പറ‍ഞ്ഞത്. സർക്കാരിനു നഷ്ടമുണ്ടായോ എന്ന് അന്വേഷണത്തിലേ അറിയൂ. ജിഎം തസ്തികയിൽ സഹകരണവകുപ്പിനു കീഴിലെ ബാങ്ക് ഉദ്യോഗസ്ഥനെ നേരത്തെ നിയമിച്ചതും സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥനായ അദീബിനെ നിയമിച്ചതും താരതമ്യം ചെയ്യാൻ കഴിയില്ല.

വിദ്യാഭ്യാസയോഗ്യത മാറ്റാൻ മന്ത്രിസഭാ അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം ശരിയല്ല. ഒരു മന്ത്രിസഭ എടുത്ത തീരുമാനം മറ്റൊരു മന്ത്രിസഭായോഗത്തിലേ മാറ്റാൻ കഴിയൂ. താരതമ്യേന ചെറിയ കുറ്റം ചെയ്ത മന്ത്രി ഇ.പി.ജയരാജനും ധാർമികത ചൂണ്ടിക്കാട്ടി അദീബ്തന്നെയും രാജിവച്ചത് ഓർക്കണമെന്നും ഫിറോസ് പറഞ്ഞു.