എംപി, എംഎൽഎമാർക്കെതിരായ കേസുകൾ: ഉടൻ തീർപ്പാക്കാൻ കേരളത്തിന് ഉത്തരവ്

ന്യൂഡൽഹി ∙ എംപിമാരും എംഎൽഎമാരും പ്രതികളായ കേസുകൾ സെഷൻസ് കോടതികൾക്കും മജിസ്ട്രേട്ട് കോടതികൾക്കും വീതിച്ചു നൽകി വേഗത്തിൽ തീർപ്പാക്കുന്നതിനു കേരളത്തിലും ബിഹാറിലും ആദ്യം നടപടിയെടുക്കാൻ സുപ്രീം കോടതി ഉത്തരവ്. മുൻ എംപിമാരും എംഎൽഎമാരും പ്രതികളായ കേസുകൾക്കും തുല്യപരിഗണന ലഭിക്കും. 

ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പരിഗണിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിലായി 12 പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സുപ്രീം കോടതി കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. കുറ്റപത്രം നൽകി ഒരു വർഷത്തിനകം കേസ് തീർപ്പാക്കണമെന്ന് 2014ൽ നിർദേശിച്ചു. ഇതു ഫലം കാണാത്തതിനാലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചിന്റെ പുതിയ ഉത്തരവ്.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആജീവനാന്ത വിലക്കു വേണമെന്ന ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായയുടെ ഹർജിയിലാണ് നടപടി. നിലവിലെ കേസുകളെക്കുറിച്ച് ഹൈക്കോടതികളിൽനിന്നു ശേഖരിച്ച കണക്കുകളും, അവ വേഗത്തിൽ തീർപ്പാക്കാനുള്ള ശുപാർശയും അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ കോടതിക്കു നൽകി. 

കോടതി പറയുന്നു:
 ∙കേരള, ബിഹാർ ഹൈക്കോടതികൾ ഉടൻ നടപടിയെടുക്കണം. നടപടി റിപ്പോർട്ട് സുപ്രീം കോടതി 14നു പരിഗണിക്കും.
∙കേസുകളുടെ പുരോഗതി, കുറ്റപത്രം നൽകുന്നതും കുറ്റം ചുമത്തുന്നതും വൈകുന്നതിന്റെ കാരണങ്ങൾ എന്നിവ എല്ലാ മാസവും 2 സംസ്ഥാനത്തെയും കീഴ്ക്കോടതികൾ ഹൈക്കോടതിക്കു നൽകണം.
∙വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കേസുകൾക്ക് മുൻഗണന നൽകണം.

മന്ത്രി എം.എം. മണി

എം.എം മണിക്കെതിരായ കേസിൽ കുറ്റം ചുമത്തിയിട്ടില്ല

ന്യൂഡൽഹി ∙ ജനപ്രതിനിധികൾക്കെതിരായ കേസുകൾ സംബന്ധിച്ച് അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ കേരളത്തിലെ സ്ഥിതിയെക്കുറിച്ച് പറയുന്നത് ഇങ്ങനെ:

∙1982 നവംബർ 12ന് റജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്ഐആർ) അടിസ്ഥാനത്തിലുള്ള കൊലപാതകക്കേസിൽ മന്ത്രി എം.എം. മണിക്കെതിരെ 2015 നവംബർ 18ന് കുറ്റപത്രം നൽകി. കുറ്റം ചുമത്തിയിട്ടില്ല. പ്രതി സ്റ്റേയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്.
∙1997 നവംബർ 24ലെ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ, കൊലപാതക്കേസിൽ പ്രതിയായ എംഎൽഎ: നൗഷാദിനെതിരെയുള്ള കേസിൽ ഇനിയും കുറ്റം ചുമത്തിയിട്ടില്ല. കേസിനു സ്റ്റേയുണ്ട്. ഏതു കോടതിയാണ് സ്റ്റേ നൽകിയതെന്നു വ്യക്തമല്ല.
∙2012 ഫെബ്രുവരി 20ലെ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ, കൊലപാതക്കേസിൽ പ്രതിയായ നൗഷാദിനെതിരെ കുറ്റം ചുമത്തിയിട്ടില്ല, കേസ് സിബിഐയുടെ പുനരന്വേഷണത്തിനു വിട്ടിരിക്കുകയാണ്.