ആൾക്കൂട്ടക്കൊലയ്ക്കെതിരെ കർശന ജാഗ്രത: മുഖ്യമന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ആൾക്കൂട്ടക്കൊല തടയാൻ കർശന ജാഗ്രത ഉറപ്പു വരുത്തുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൂന്നു കേസുകളാണ് ഇങ്ങനെയുണ്ടായത്. കോഴിക്കോട് കൊടിയത്തൂരിൽ ഷഹീദ് ബാവ, മലപ്പുറം മങ്കട നസീർ ഹുസൈൻ, അഗളി ചിണ്ടക്കി ഊരിൽ മധു എന്നിവരെയാണു കൊലപ്പെടുത്തിയത്. ഈ കേസുകളിലെല്ലാം പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി എൻ. ഷംസുദ്ദീന്റെ സബ്മിഷനു മറുപടി നൽകി. നിയമം കയ്യിലെടുക്കാനുളള നീക്കം അനുവദിക്കില്ല. സമൂഹ മാധ്യമങ്ങൾ വഴിയുള്ള ഇത്തരം പ്രചാരണങ്ങൾ തടയാൻ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ഇതരസംസ്ഥാനങ്ങളിലെ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും ആധികാരികത ഉറപ്പാക്കി ജനന സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതു നോട്ടറിമാരുടെ അധികാര പരിധിക്കു പുറത്താണെന്നു മുഖ്യമന്ത്രി അറിയിച്ചു. ജനന സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യേണ്ടത് അതതു സംസ്ഥാനങ്ങളാണ്. അതിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിനു കേരളത്തിലെ ആഭ്യന്തര വകുപ്പിനു പരിമിതിയും ബുദ്ധിമുട്ടുകളുമുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിലെ കാലതാമസം ഒഴിവാക്കാൻ നോക്കുമെന്ന് എൻ.എ. നെല്ലിക്കുന്നിന്റെ സബ്മിഷനു മറുപടി നൽകി.

വിദ്യാഭ്യാസ വായ്പകൾ അനുവദിക്കുന്നതിൽ ബാങ്കുകൾ വിമുഖത കാണിക്കുന്നുവെന്ന പരാതി പരിശോധിക്കുകയാണെന്നു പി. അബ്ദുൽ ഹമീദിന്റെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നൽകി. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിച്ചു കാര്യക്ഷമമായ ഇടപെടലിനു നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.