വനിതാ മതിലിന്റെ മുഖ്യ രക്ഷാധികാരിയാക്കി; പ്രതിഷേധമറിയിച്ച് രമേശ് ചെന്നിത്തല

ആലപ്പുഴ ∙ വനിതാ മതിലിന്റെ സംഘാടക സമിതിയിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ യുഡിഎഫ് ജനപ്രതിനിധികളെ ഉൾപ്പെടുത്തിയതിനെത്തുടർന്നു വിവാദം. രൂക്ഷമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയപ്പോൾ കോൺഗ്രസ് ജനപ്രതിനിധികൾ സഹകരിക്കില്ലെന്നു ഡിസിസി പ്രസിഡന്റ് എം.ലിജു വ്യക്തമാക്കി.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് വഴി ആദ്യമിറക്കിയ പത്രക്കുറിപ്പിൽ രമേശ് ചെന്നിത്തലയുടെ പേര് മുഖ്യ രക്ഷാധികാരികളുടെ പട്ടികയിൽ ഇല്ലായിരുന്നു. പിന്നീടു രമേശിന്റെ പേരു കൂട്ടിചേർത്തു പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. പരസ്യമായിത്തന്നെ വനിതാ മതിലിനോടു വിയോജിപ്പു പ്രകടിപ്പിച്ച തന്നെ സംഘാടക സമിതി ഭാരവാഹിപ്പട്ടികയിൽ ഉൾക്കൊള്ളിച്ചതിലെ പ്രതിഷേധം രമേശ്, കലക്ടറെ വിളിച്ച് അറിയിക്കുകയും ചെയ്തു.

മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്, പി.തിലോത്തമൻ എന്നിവരാണു മറ്റു മുഖ്യ രക്ഷാധികാരിമാർ. ജില്ലയിലെ എംപിമാരും എംഎൽഎമാരും രക്ഷാധികാരികളാണ്. സംഘാടക സമിതി യോഗത്തിൽ മുഖ്യാതിഥിയായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. വെള്ളാപ്പള്ളി എത്താത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നായിരുന്നു, യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം.