പ്രളയ ദുരിതാശ്വാസം: കേന്ദ്രം 144 കോടി വെട്ടിക്കുറച്ചു

തിരുവനന്തപുരം∙ ഓഖി ദുരന്തത്തിനു പിന്നാലെ സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്കു നൽകിയ തുകയിൽ 144 കോടി രൂപ ചെലവഴിക്കാത്തതിനാൽ അത്രയും തുക പ്രളയ ദുരിതാശ്വാസ സഹായത്തിൽ നിന്നു കേന്ദ്രം വെട്ടിക്കുറച്ചു. ചെലവഴിക്കാതെ ബാക്കിയാകുന്ന തുക അടുത്ത തവണത്തെ ഗഡു അനുവദിക്കുമ്പോൾ കുറവു ചെയ്യുന്ന പതിവു രീതിയാണു പ്രളയ ദുരന്ത സഹായത്തിലും കേന്ദ്രം സ്വീകരിച്ചത്.

പ്രളയാനന്തരം മൂന്നാംഘട്ട സഹായമായി 3048 കോടി രൂപയാണു കേന്ദ്രം അനുവദിച്ചത്. എന്നാൽ സംസ്ഥാന ദുരന്തനിവാരണ നിധിയിൽ ചെലവഴിക്കാതെ കിടന്ന 144 കോടി രൂപയും മുൻപ് അനുവദിച്ച 600 കോടിയും കുറവു ചെയ്ത ശേഷം ബാക്കി 2304 കോടി രൂപയാണു കേന്ദ്രം കഴിഞ്ഞ ദിവസം സംസ്ഥാനത്തിനു കൈമാറിയത്.

കേന്ദ്ര സഹായത്തിനായി നിരന്തരം സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ള പണം ചെലവിടലിനു വേഗം പോരെന്ന പരാതി പതിവാണ്. അതേസമയം, പണം നഷ്ടപ്പെടില്ലെന്നും അടുത്ത തവണ കൂടുതൽ തുക ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ പറഞ്ഞു.