കേരളത്തിൽ 0.5% പ്രളയ സെസോ അധിക നികുതിയോ വരും

ന്യൂഡൽഹി ∙ പ്രളയാനന്തര പുനർനിർമാണത്തിനു പണം സ്വരൂപിക്കാൻ കേരളത്തിൽ ജിഎസ്ടിയുടെ മേൽ അധിക സെസോ നികുതിയിൽ നേരിയ വർധനയോ നടപ്പാക്കിയേക്കും. അടുത്ത മാസത്തെ ജിഎസ്ടി കൗൺസിലിൽ തീരുമാനമുണ്ടാവും. രാജ്യമാകെ സെസ് എന്ന നിർദേശം പ്രായോഗികമല്ലെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഒരു സംസ്ഥാനത്തിനുവേണ്ടി തുടങ്ങി വച്ചാൽ, എക്കാലവും സെസ് എന്ന സ്ഥിതിയുണ്ടാവാം. നികുതി വർധനയ്ക്ക് 0.2 –  0.5% നിരക്കാണു പരിഗണനയിൽ.

ബാഹ്യവായ്പയ്ക്കുള്ള പരിധി ഉയർത്തുക, ജിഎസ്ടി സെസ് ഏർപ്പെടുത്തുക, നികുതി നാമമാത്രമായി വർധിപ്പിക്കുക എന്നീ നിർദേശങ്ങളാണ് കേരളം മുന്നോട്ടുവച്ചത്. വായ്പാപരിധി ഉയർത്താമെന്നു ധനമന്ത്രാലയം തത്വത്തിൽ സമ്മതിച്ചിരുന്നു. മറ്റു രണ്ടു നിർദേശങ്ങളും പരിശോധിക്കാൻ നിയോഗിച്ച മന്ത്രിസമിതി സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ചെങ്കിലും കർണാടകയും ഗുജറാത്തും മാത്രമാണു പ്രതികരിച്ചത്.