കരുനാഗപ്പള്ളിയിൽ സിഗ്നൽ തകരാർ; ട്രെയിനുകൾ 3 മണിക്കൂറോളം വൈകി

സിഗ്നൽ തകരാറിനെ തുടർന്നു ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ രാവിലെ 8നു പിടിച്ചിട്ട കൊച്ചുവേളി– ബിലാസ്പുർ, പാലരുവി എക്സ്പ്രസ് ട്രെയിനുകൾ.

കരുനാഗപ്പള്ളി (കൊല്ലം) ∙ റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്നു ട്രെയിൻ ഗതാഗതം താളം തെറ്റി. തിരുവനന്തപുരം– എറണാകുളം റൂട്ടിൽ 3 മണിക്കൂറോളം ട്രെയിനുകൾ വൈകി. ഞായറാഴ്ച പുലർച്ചെ 5.50നാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ ഭാഗത്തെ സിഗ്നൽ പോയിന്റ് ആൻഡ് ക്രോസിങ് ഭാഗത്തെ സിഗ്നൽ തകരാറിലായത്. ഈ തകരാർ മറ്റു സിഗ്നൽ സംവിധാനങ്ങളെയും ബാധിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. 

തിരുവനന്തപുരത്തു നിന്നും എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ കരുനാഗപ്പള്ളിക്കു മുൻപായി വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ചില ട്രെയിനുകൾ വേഗം കുറച്ച് കടത്തിവിട്ടു. എൻജിനീയറിങ് വിഭാഗം എത്തി സിഗ്നൽ തകരാറുകൾ പരിഹരിച്ച് 8.45നാണ് ട്രെയിൻ ഗതാഗതം സാധാരണ നിലയിലായത്. എറണാകുളം ഭാഗത്തേക്കുള്ള ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ്, വേണാട്, പാലരുവി, കോഴിക്കോട് ജനശതാബ്ദി, ഗൊരഖ്പൂർ രപ്തിസാഗർ സൂപ്പർ ഫാസ്റ്റ്, പരശുറാം, ശബരി, മുംബൈ സിഎസ് ടി, നേത്രാവതി എക്സ്പ്രസ് ട്രെയിനുകൾ വൈകി. എറണാകുളം– തിരുവനന്തപൂരം‍ റൂട്ടിൽ ചെന്നൈ– തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ, ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനുകളും വൈകി. 

പിടിച്ചിട്ട ട്രെയിനുകൾ ഒന്നൊന്നായി ഓടിത്തുടങ്ങിയതോടെ ലവൽ ക്രോസുകൾ കൂടുതൽ നേരം അടച്ചത് വാഹന യാത്രക്കാരെയും വലച്ചു . പിടിച്ചിട്ട ഓരോ ട്രെയിനുകളും കടന്നുപോകാൻ മിനിറ്റുകൾ ഇടവിട്ട് ലവൽ ക്രോസുകൾ അടയ്ക്കുകയും തുറക്കുകയും ആയിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം മുതൽ കരുനാഗപ്പള്ളി ഭാഗത്ത് ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. ഇതു ജനുവരി 1ന് രാത്രി പൂർത്തിയാകും. തുടർന്നു പെരിനാട് ഭാഗത്തു ജോലി തുടങ്ങും.