അട്ടപ്പാടി ഇരട്ടക്കെ‌ാലപാതകം: തുടരന്വേഷണം തമിഴ്നാട്ടിലേക്ക്

അഗളി∙അട്ടപ്പാടിയിൽ യുവതിയെയും മകനെയും ഭർത്താവും കാമുകിയും ചേർന്നു കൊലപ്പെടുത്തിയ കേസിൽ തുടരന്വേഷണം തമിഴ്നാട്ടിലേക്ക്. കേസിലെ മുഖ്യപ്രതി സുന്ദരവടിവേൽ (ശങ്കർ) എന്ന നൗഷാദ്, ഭാര്യ സീനത്തിനെയും അഞ്ച് വയസ്സുകാരൻ മകൻ ഷാനിഫിനെയും കൊലപ്പെടുത്തിയത് തമിഴ്നാട്ടിലെ ചിദംബരത്താണ്.

പ്രതിയുടെ നാടിനടുത്തുള്ള ഈ സ്ഥലത്തെക്കുറിച്ചുള്ള വിവരം അഗളി പൊലീസ് ശേഖരിച്ചു. അഗളി സിഐ എ.എം.സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കെ‌ാലപാതകം നടത്തിയ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. അറസ്റ്റിലായ സുന്ദരവടിവേലിനെയും കാമുകി റാണിയെയും മണ്ണാർക്കാട് മജിസ്ട്രേട്ട് റിമാൻഡ് ചെയ്തു.

തുടരന്വേഷണത്തിനായി ഇവരെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങുമെന്ന് സിഐ അറിയിച്ചു.
ചിദംബരം ജില്ലയിലെ അണ്ണാമലൈ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2013 ജൂൺ 30 നാണു കെ‌ാലപാതകം. കൊലപാതകം നടന്ന് 10ദിവസത്തിനു ശേഷം അഴുകിയ നിലയിലാണു രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം തമിഴ്നാട് പൊലീസ് മറവുചെയ്തിരുന്നു. ഉറക്കഗുളിക നൽകി മയക്കി ഇരുവരെയും കഴുത്തിൽ ഷാൾ മുറുക്കിയും കഴുത്തറുത്തുമാണു കൊലപ്പെടുത്തിയതെന്നു പ്രതി മെ‌ാഴി നൽകിയിട്ടുണ്ട്.

നാല് വർഷം മുൻപ് നടന്ന കെ‌ാലപാതകവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ്, ഫോറൻസിക് വിഭാഗങ്ങളിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും മറ്റുരേഖകളും ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അഗളി പൊലീസ്.

മൃതദേഹങ്ങൾ മറവുചെയ്ത സ്ഥലം കണ്ടെത്തി ശരീരാവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കണം. ഡിഎൻഎ പരിശോധനയുൾപ്പെടെ ആവശ്യമായി വരുമെന്ന് പൊലീസ് സൂചിപ്പിച്ചു.