പനീർസെൽവത്തിന് ചിഹ്നം വൈദ്യുതി പോസ്റ്റ്, ശശികല പക്ഷത്തിന് തൊപ്പി

ചെന്നൈ∙ അണ്ണാ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില മരവിപ്പിച്ചതിനു പിന്നാലെ മുൻമുഖ്യമന്ത്രി ഒ.പനീർസെൽവം വിഭാഗത്തിനും ശശികല പക്ഷത്തിനും പുതിയ ചിഹ്നവും പേരും അനുവദിച്ചു. പനീർസെൽവത്തിന് ചിഹ്നമായി വൈദ്യുതി തൂണും ‘എഐഎഡിഎംകെ പുരട്ചി തലൈവി അമ്മ’ എന്ന പേരുമാണ് അനുവദിച്ചത്. എന്നാൽ ശശികല പക്ഷത്തിന് തൊപ്പിയാണ് ചിഹ്നം നൽകിയിത്. പാർട്ടിയുടെ പേര് ‘എഐഎഡിഎംകെ അമ്മ’ എന്നായിരിക്കും.

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടർന്ന് അണ്ണാ ഡിഎംകെയിൽ ഉടലെടുത്ത തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി ചിഹ്നമായ ‘രണ്ടില’ തിരഞ്ഞെടുപ്പു കമ്മിഷൻ മരവിപ്പിച്ചത്. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ ഇരുപക്ഷവും ‘ഓൾ ഇന്ത്യ അണ്ണാ ഡിഎംകെ’ എന്ന പേരും ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശിച്ചിരുന്നു.

ശശികല പക്ഷം സ്ഥാനാർഥി ടി.ടി.വി. ദിനകരനും പനീർസെൽവം പക്ഷം സ്ഥാനാർഥി ഇ. മധുസൂദനനും ആണ്. ജയലളിതയുടെ മരണത്തെത്തുടർന്നാണ് ആർകെ നഗറിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.