പൂരപ്രേമികൾക്ക് ആശ്വാസം; തൃശൂർ പൂരം വെടിക്കെട്ടിന് ഉപാധികളോടെ അനുമതി

തൃശൂർ∙ പരമ്പരാഗത രീതിയിലുള്ള തൃശൂർ പൂരം വെടിക്കെട്ടിനു കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം ഉപാധികളോടെ അനുമതി നൽകി. വെടിക്കെട്ടിന് ഡൈനാമിറ്റ് ഉപയോഗിക്കുന്നതിനുള്ള നിരോധനം തുടരുമെങ്കിലും ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നൽ എന്നിവ ഉപയോഗിക്കാൻ അനുമതി നൽകി. എന്നാൽ, ഇവയുടെ വലിപ്പത്തിന്റെ കാര്യത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തിൽ മാത്രമേ നിർമിക്കാൻ പാടുള്ളൂ. കുഴിമിന്നൽ നാല് ഇഞ്ച് വ്യാസത്തിലും അമിട്ട് ആറ് ഇഞ്ച് വ്യാസത്തിലും നിർമിച്ച് ഉപയോഗിക്കാമെന്നാണു നിർദേശം. അനുമതി ലഭിച്ച സാഹചര്യത്തിൽ എല്ലാവിധ ആഘോഷങ്ങളോടെയും പൂരം കൊണ്ടാടാൻ ദേവസ്വങ്ങൾ തീരുമാനിച്ചു. സാംപിൾ വെടിക്കെട്ട് ബുധനാഴ്ചയും പ്രധാന വെടിക്കെട്ട് ശനിയാഴ്ച പുലർച്ചെയുമാണു നടക്കുക.

കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തിന്റെ കൃത്യമായ നിരീക്ഷണത്തിലായിരിക്കും വെടിക്കെട്ട് നടത്തുക. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി. സുനിൽകുമാറിന്റെ ഫണ്ടിൽനിന്ന് ഒരു കോടിയിലേറെ രൂപ മുടക്കി ഫയർ ഹൈഡ്രന്റ് അടക്കമുള്ള അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങൾ വെടിക്കെട്ടിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്.

പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് നാളെത്തന്നെ കേന്ദ്ര എക്സ്പ്ലോസീവ് സംഘം തൃശൂരിലെത്തുന്നുണ്ട്. സാംപിൾ വെടിക്കെട്ട്, പ്രധാനപ്പെട്ട വെടിക്കെട്ട്, പകൽപ്പൂരത്തിലെ വെടിക്കെട്ട് തുടങ്ങി പൂരത്തിലെ മുഴുവൻ വെടിക്കെട്ടുകളും കേന്ദ്രസംഘത്തിന്റെ നിരീക്ഷണത്തിലാണ് നടക്കുക. വലിയതോതിലുള്ള പരീക്ഷണങ്ങളും കേന്ദ്രസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണു വിവരങ്ങൾ.