10 ദിവസത്തിനുള്ളിൽ 1000 കോടി ക്ലബിൽ; ഇന്ത്യൻ സിനിമയിൽ ചരിത്രമെഴുതി ബാഹുബലി

മുംബൈ ∙ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ബോക്സ്ഓഫിസിൽനിന്നു വാരിയത് ആയിരം കോടി രൂപ. റിലീസ് ചെയ്ത് പത്താംദിവസം ആയിരം കോടി രൂപ കലക്‌ഷൻ നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ബാഹുബലി 2. ഇന്ത്യയിൽനിന്ന് 800 കോടിയും മറ്റു രാജ്യങ്ങളിൽനിന്ന് 200 കോടിയുമാണ് ബാഹുബലി കൊയ്തെടുത്തതെന്ന് വിതരണക്കാർ അറിയിച്ചു. 1500 കോടി രൂപയെങ്കിലും മൊത്തം നേട്ടമുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകരുടെ കണക്കുക്കൂട്ടൽ.

ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിതരണമേറ്റെടുത്ത സംവിധായകൻ കരൺ ജോഹർ ട്വിറ്ററിലാണ് ചരിത്രനേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2014 ൽ റിലീസ് ചെയ്ത ആമിർഖാൻ ചിത്രം പികെ നേടിയ 792 കോടിയുടെ റെക്കോർഡാണ് ബാഹുബലി തകർത്തത്. പ്രഭാസിനെ നായകനാക്കി എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2–ദി കൺക്ലൂഷൻ മുമ്പു തന്നെ നിരവധി റെക്കോ‍ഡുകൾ മറികടന്നിരുന്നു.

8000 സ്ക്രീനിലാണ് ആദ്യദിവസം ബാഹുബലി പ്രദർശിപ്പിച്ചത്. ആദ്യദിവസം തന്നെ 121 കോടി കലക്‌ഷൻ നേടിയിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ പണം വാരുന്ന അന്യഭാഷാ ചിത്രം കൂടിയാണ് ബാഹുബലി. ആദ്യ നാലുദിനം കൊണ്ട് ബാഹുബലി 2 വാരിക്കൂട്ടിയത് 19.7 കോടി രൂപയാണ്. കേരളത്തിൽ ആദ്യദിനം 5.45 കോടിയാണ് ചിത്രം നേടിയത്.