Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടിഷ് എയർവേസ് സർവീസുകൾ മുടങ്ങിയതോടെ ദുരിതത്തിലായത് 75,000 യാത്രക്കാർ

British Airways

ലണ്ടൻ∙ മൂന്നു ദിവസത്തിലേറെ നീണ്ടുനിന്ന ബ്രിട്ടിഷ് എയർവേസിലെ കംപ്യൂട്ടർ സാങ്കേതിക തകരാറുമൂലം ദുരിതത്തിലായത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എഴുപത്തയ്യായിരത്തിലേറെ യാത്രക്കാർ. എഴുപത് രാജ്യങ്ങളിലെ 170 വിമാനത്താവളങ്ങളിൽനിന്നുള്ള ബ്രിട്ടിഷ് എയർവേസിന്റെ സർവസുകളെ കംപ്യൂട്ടർ ശൃംഖലയിലെ തകരാർ ബാധിച്ചു. ഇതിൽ ഏറ്റവും അധികം ദുരിതം അനുഭവിച്ചതു ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്നും ഗാട്ട്വിക്ക് വിമാനത്താവളത്തിൽനിന്നും യാത്ര ചെയ്യാനിരുന്നവരാണ്. 

ഇന്നലെ വൈകുന്നേരത്തോടെ കംപ്യൂട്ടർ ശൃംഖലയുടെ പ്രവർത്തനം ഏറെക്കുറെ പഴയപടിയാക്കാനായെങ്കിലും ഇപ്പോഴും പല വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തുന്നത്. എന്നാൽ ഇന്നലെ ഉച്ചയ്ക്കുശേഷം സർവീസുകൾ ഒന്നുംതന്നെ റദ്ദാക്കിയിട്ടില്ല. വൈകിയാണെങ്കിലും സർവീസുകൾ നടത്താൻ എയർലൈൻ കമ്പനിക്ക് സാധിച്ചു. 

കൂടുതൽ വിദേശ വാർത്തകൾക്ക്

ശനിയാഴ്ച രാവിലെയാണ് ബ്രിട്ടിഷ് എയർവേസിന്റെ ലോകമെമ്പാടുമുള്ള കംപ്യൂട്ടർ ശൃംഖലയുടെ പ്രവർത്തനം അവതാളത്തിലായത്. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ യാത്ര ആരംഭിക്കാനാകാതെയും കണക്‌ഷൻ വിമാനങ്ങൾ ലഭിക്കാതെയും ദുരിതത്തിലാകുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള ഹബ്ബും ബ്രിട്ടിഷ് എയർവേസിന്റെ ഹോം എയർപോർട്ടുമായ ലണ്ടൻ ഹീത്രുവിലായിരുന്നു അധികം ആളുകൾ ദുരിതത്തിലായത്. തലചായ്ക്കാൻ ഇടം കിട്ടാതെയും വിശപ്പടക്കാൻ ഭക്ഷണംപോലും ലഭിക്കാതെയും ഇവിടെ നൂറുകണക്കിനാളുകൾ വലഞ്ഞു. വെബ്സൈറ്റിന്റെയും കോൾ സെന്ററിന്റെയും പ്രവർത്തനം തകരാറിലായതോടെ യാത്രക്കാർക്ക് എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാനാകാത്ത സ്ഥിതിയായി. 

ഗാട്ട്വിക്കിലെ പ്രശ്നങ്ങൾ ഞായറാഴ്ച രാവിലെ പരിഹരിക്കാനായെങ്കിലും ഹീത്രൂവിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണത്തിലായത്. 

കംപ്യൂട്ടർ ശൃംഖലയിലേക്കുള്ള വൈദ്യുതി ബന്ധത്തിലുണ്ടായ തകരാറാണ് പ്രശ്നത്തിനു കാരണമായതെന്ന് ബ്രിട്ടിഷ് എയർവേസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അലക്സ് ക്രൂസ് അറിയിച്ചു. അൽപസമയത്തേക്കു മാത്രമുണ്ടായ പ്രശ്നമായിരുന്നു ഇതെങ്കിലും ‘ബാക്ക് അപ്’ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കാതായതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽനിന്നുള്ള കംപ്യൂട്ടർ വിദഗ്ധർക്ക് പുറംജോലിക്കരാർ നൽകിയതുകൊണ്ടുണ്ടായ പ്രശ്നമാണിതെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. യാത്രക്കാർക്കുണ്ടായ അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം പക്ഷേ, ഇതിന്റെ പേരിൽ സ്ഥാനമൊഴിയാനില്ലെന്നും വ്യക്തമാക്കി. 

എല്ലാ യാത്രക്കാർക്കും ഇന്നു വൈകുന്നേരത്തടെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സാധിക്കുമെന്നും ടിക്കറ്റ് ചാർജ് ഉൾപ്പെടെയുണ്ടായ നഷ്ടം പരിഹരിക്കാൻ നടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. പ്രശ്നങ്ങൾക്കു കാരണം സൈബർ ആക്രമണമാണെന്ന ആരോപണം അലക്സ് ക്രൂസ് നിഷേധിച്ചു. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

യാത്രമുടങ്ങിയവർക്ക് സൗജന്യ യാത്ര ഉറപ്പുവരുത്താനും ഇവരുടെ ഹോട്ടൽ, ടാക്സി ചാർജുകൾ അടയ്ക്കാനും മാന്യമായ നഷ്ടപരിഹാരത്തുക നൽകാനുമായി ബ്രിട്ടിഷ് എയർവേസിന് കോടികണക്കിന് രൂപ മാറ്റിവയ്ക്കേണ്ടിവരും. ദിവസേന 200 പൗണ്ട് ഹോട്ടൽ വാടകയും 50 പൗണ്ട് യാത്രക്കൂലിയും 25 പൗണ്ട് ഭക്ഷണചാർജും സൗജന്യ ടിക്കറ്റിനൊപ്പം ഓരോരുത്തർക്കും നൽകേണ്ടിവരുമെന്നാണ് കണക്ക്.